കുട്ടനാടിന്‍റെ സാംസ്കാരിക ജീവിതം: കലകളും ആചാരങ്ങളും

in Module
Published on:

ഡോ ആർ. ഗീതാ ദേവി (Dr R. Geetha Devi)

ശ്രീശങ്കര സംസ്കൃത സർവ്വകലാശാലയിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ഡോ. ആർ. ഗീതാ ദേവി. കഴിഞ്ഞ 22 വർഷമായി അധ്യാപന രംഗത്തു പ്രവർത്തിക്കുന്ന ഗീതാദേവി നാല് പുസ്തകങ്ങളുടെ രചനയിൽ പങ്കാളിയായിട്ടുണ്ട്. നിരവധി ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇവർ ദേശീയവും അന്തർദേശീയവുമായ സെമിനാറുകളും കോൺഫറൻസുകളിലും പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. കവിതയും ഫോക്‌ലോറും ആണ് വൈദഗ്ധ്യമുള്ള അക്കാദമിക മേഖലകൾ.

സംഘകാലം മുതൽ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ് കുട്ടനാട്ടിനുള്ളത്. സമുദ്രനിരപ്പിൽ നിന്നും രണ്ടു മീറ്ററോളം താഴ്ന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ സംസ്കാരം മറ്റു ഭൂപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വേമ്പനാട്ടു കായൽ കുത്തി, നെൽകൃഷിക്ക് അനുയോഗ്യമാക്കിയ കുട്ടനാടിന്റെ ചരിത്രവും സംസ്കാരവും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതാണ്. പുലയർ, പറയർ, വേലൻ, കണിയാൻ തുടങ്ങിയ സമുദായക്കാരാണ് ഇവിടത്തെ പ്രാചീന വംശജരെന്നു കരുതപ്പെടുന്നു. ബുദ്ധമതവിശ്വാസത്തിന്റെ മുദ്രകളും കുട്ടനാടൻ ജീവിതത്തിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. കാർഷിക ജീവിതത്തോട് ബന്ധമുള്ളവയാണ് ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും കലാരൂപങ്ങളുമെല്ലാം. ഓരോ വംശത്തിനും അതിന്റേതായ വംശീയ പുരാവൃത്തങ്ങളും പാട്ടുകളും കലാരൂപങ്ങളുമുണ്ട്. ഈ സാംസ്കാരിക ജീവിതത്തിന്റെ ചരിത്രപരവും സമകാലികവും ആയ മാനങ്ങൾ ആണ് ഈ ഗവേഷണ പദ്ധതിയുടെ വിഷയം.

കുട്ടനാടിൻറെ സാംസ്കാരിക ജീവിതത്തിനു ഒരാമുഖം എന്ന നിലയിലാണ് ആദ്യ ലേഖനം രചിച്ചിരിക്കുന്നത്. ചരിത്രവും പുരാവൃത്തങ്ങളും കൂടിക്കലരുന്ന കുട്ടനാടിന്റെ സംഘകാലമാ മുതലെങ്കിലും നിലനിൽക്കുന്ന ജീവിത വ്യവസ്ഥകൾ, അതിന്റെ സാമൂഹ്യ-സാംസ്കാരിക അടരുകൾ, സമകാലീന മുഖം എന്നിവ ചുരുക്കത്തിൽ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.

രണ്ടാമത്തെ ലേഖനം കുട്ടനാട്ടിലെ കാർഷിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു പ്രധാന  സമുദായങ്ങളെ സംബന്ധിക്കുന്നതാണ്. പറയരും പുലയരും ചരിത്രപരമായി ഈ മണ്ണിന്റെ ഭാഗമായി ജീവിച്ചവരാണ്. ലോകത്തിൽ തന്നെ അപൂർവമായ കുട്ടനാടൻ കൃഷിരീതി നൂറ്റാണ്ടുകളായി നിലനിർത്തുന്നത് ഇവരുടെ സാങ്കേതികവും ഉത്പാദനപരവുമായ അദ്ധ്വാനത്തിലൂടെയാണ്. ഈ രണ്ടു സമുദായങ്ങളുടെ ജീവിതവും കൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങളും, പാട്ടുകളും ചുരുക്കത്തിൽ പരിചയപ്പെടുത്തുന്ന ലേഖനമാണ് ഇത്.

മൂന്നാമത്തെ ലേഖനം കുട്ടനാട്ടിലെ വേല സമുദായത്തിന്റെ തനത്  കലാരൂപങ്ങളെ സംബന്ധിക്കുന്ന ഒരു സചിത്ര ലേഖനമാണ്. ഓണംതുള്ളല്‍, നോക്കുവിദ്യ, പള്ളിപ്പാന എന്നീ അനുഷ്ഠാന ബന്ധമുള്ള കലാരൂപങ്ങളും വേലന്‍പ്രവൃത്തിയും, മന്ത്രവാദം, ആഭിചാരക്രിയകള്‍, വൈദ്യം തുടങ്ങിയവയും ഇവരുടെ പാരമ്പര്യ വിജ്ഞാനത്തിന്‍റെ ഭാഗമാണ്. നോക്കുവിദ്യ അവതരിപ്പിക്കുന്നത്തിന്റെ ചില ചിത്രങ്ങളും ഇതിൽ ഉൾച്ചേർത്തിരിക്കുന്നു.