മധ്യകാല കേരളത്തിലെ പ്രധാന വാണിജ്യ തുറമുഖങ്ങളിലൊന്നായിരുന്നു പന്തലായനികൊല്ലം എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി.[1]. പവിഴപ്പുറ്റുകളും, പാറകളും നിറഞ്ഞ ശാന്ത സുന്ദര പ്രദേശമായിരുന്നു പന്തലായനികൊല്ലം. കടല്‍ വാണിജ്യത്തെ ഏറെ ആകര്‍ഷിച്ചതും തുറമുഖത്തിന്‍റെ ഈ സവിശേഷതകളാണ്. പന്തലായനികൊല്ലം തുറമുഖം പില്‍ക്കാലത്ത് പൂര്‍ണ്ണമായും നശിച്ചു. പന്തലായനി, കൊല്ലം എന്നിവ ഇന്നു കൊയിലാണ്ടിയിലെ ചെറിയ പ്രദേശങ്ങളാണ്.

ലിഖിത തെളിവുകളുടെ അടിസ്ഥാനത്തില്‍ പത്താം നൂറ്റാണ്ട് മുതല്‍ക്കുതന്നെ പന്തലായനികൊല്ലം വാണിജ്യകേന്ദ്രമെന്ന നിലയില്‍ അഭിവൃദ്ധി നേടിയിരുന്നു[2]. കേരളത്തിലെ ഉത്പന്നങ്ങള്‍ തേടി പടിഞ്ഞാറു നിന്നു വന്ന അറബികളെ പോലുള്ളവര്‍ വാണിജ്യത്തിനായി ഇവിടെത്തിയ ചൈനക്കാരുടെ പക്കല്‍ നിന്നും ചരക്കുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതായി അക്കാലത്തു കേരളം സന്ദര്‍ശിച്ച വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വാണിജ്യത്തിന്‍റെ ഒരിടത്താവളമായിരുന്നു പന്തലായനികൊല്ലം.
പുകവലിക്കാനുള്ള ഉപകരണമായ ഹുക്ക അറബികളുമായുള്ള വ്യാപാരത്തിന്റെ ഫലമായാണ് കേരളത്തില്‍ എത്തിയത്. ആദ്യകാലങ്ങളില്‍ അറബിനാടുകളില്‍ നിന്നുള്ള ഹുക്കകളായിരുന്നു പ്രചാരത്തില്‍. ക്രമേണ തദ്ദേശീയരായ മൂശാരിമാര്‍ അവ നിര്‍മ്മിക്കുകയും അതിനു തനതായ ശൈലിയും ഭാവവും കൊടുക്കുകയും ചെയ്തു. കൊയിലാണ്ടി ഹുക്ക എന്ന പേരില്‍ മറുനാടുകളില്‍ പ്രശസ്തിയാര്‍ജിച്ച ഹുക്കയുടെ ചരിത്രവും വ്യാപാരവും അത് ഇന്നു നേരിടുന്ന വെല്ലുവിളികളും ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നു.
കേരളവും വിദേശവാണിജ്യവും
കേരളത്തിലേക്ക് വിദേശവാണിജ്യം കടന്നുവന്നത് കടല്‍ വഴിയാണ്. സമുദ്രവാണിജ്യത്തെ കുറിച്ചുള്ള കൃത്യമായ വിവരണങ്ങള്‍ വിദേശവാണിജ്യ രേഖകളിലും നമ്മുടെ രേഖകളിലും കാണാം. പയ്യന്നൂര്‍ നാടന്‍പാട്ടുകളില്‍ കടല്‍വഴിയുള്ള വാണിജ്യത്തെക്കുറിച്ചും കപ്പല്‍നിര്‍മ്മാണത്തെക്കുറിച്ചും വര്‍ണ്ണിക്കുന്നു. പെരുമാള്‍വാഴ്ച കാലത്ത് മണിഗ്രാമം, അഞ്ചുവണ്ണം, നാനാദേശികള്‍, തിശൈ ആയിരത്തി അഞ്ഞുറ്റവര്‍, നാല്പത്തി എണ്ണായിരവര്‍ തുടങ്ങിയ വര്‍ത്തകസംഘങ്ങള്‍ മുഖേനയായിരുന്നു കര-കടല്‍ വാണിജ്യം. ക്രിസ്തുവര്‍ഷം ഒമ്പതുമുതല്‍ പതിമൂന്നുവരെയുള്ള നൂറ്റാണ്ടുകളിലെ കേരളീയ രേഖകളില്‍ കേരളത്തിലെ ഇത്തരം കച്ചവടസംഘങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ട്. വിദേശികളെയും സ്വദേശികളെയും വാണിജ്യത്തില്‍ ബന്ധിപ്പിച്ചിരുന്ന കണ്ണികളായിരുന്നു ഇവര്‍. തരിസാപ്പളി ചെപ്പേടിലെ വിദേശീയരുടെ കയ്യൊപ്പുകള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. പന്തലായനികൊല്ലം ജുമാ-അത്ത് പള്ളി ലിഖിതത്തില്‍ മണിഗ്രാമക്കാരെക്കുറിച്ചുള്ള സൂചനയുണ്ട്. അതിനാല്‍ പന്തലായനി പ്രദേശത്ത് ഉണ്ടായിരുന്ന വാണിജ്യസംഘങ്ങള്‍ മണിഗ്രാമക്കാരാണെന്ന് അനുമാനിക്കാം[3]. എന്നാല്‍ സ്വരൂപങ്ങളുടെ[4] കാലമായപ്പോഴേക്കും ഇത്തരത്തിലുള്ള വര്‍ത്തക സംഘങ്ങള്‍ ഇല്ലാതാവുകയും ആ സ്ഥാനത്ത് വര്‍ത്തകപ്രമാണിമാര്‍ വരികയും ചെയ്തു. ഈ കാലത്ത് കടല്‍വാണിജ്യം പ്രധാനമായും ചീനക്കാരുടെയും അറബികളുടെയും ജൂതരുടെയും മറ്റും നിയന്ത്രണത്തിലായിരുന്നു.
മലബാറില്‍ അറബികളുടെ സാന്നിധ്യം എട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ചിരുന്നു. ആദ്യകാലത്ത് ഉല്‍പ്പന്നങ്ങള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴിയാണ് അറേബ്യയുടെ തെക്കന്‍ തീരത്ത് എത്തിയിരുന്നത്. അവിടെ നിന്ന് സാര്‍ഥവാഹക സംഘങ്ങള്‍ യമന്‍(Yeman), ഹിജാസ്(Hejaz)[5] രാജ്യങ്ങളിലൂടെ സിറിയയിലെ തദ്മൂറിലും (Tadmur) ഈജിപ്തിലെ അലക്സാണ്ട്രിയയിലുമുള്ള കമ്പോളങ്ങളില്‍ അവ എത്തിച്ചു. പഴയകാലത്ത് ഗ്രീസ്, റോം രാജ്യങ്ങളുമായി നിലനിന്നിരുന്ന ഇന്ത്യയുടെ വ്യാപാരബന്ധങ്ങളില്‍ അറേബ്യന്‍, ഈജിപ്ത്, സിറിയന്‍ കച്ചവടക്കാര്‍ മധ്യവര്‍ത്തികളായിരുന്നു. അറേബ്യയില്‍ ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്നത് യമനിലെ ഹള്റമൗത്'(Haramouth) തീരത്തുള്ള സഫാര്‍ (Safar) നഗരത്തിലായിരുന്നു. അവിടുത്തെ ജനങ്ങള്‍ നേരിട്ടാണ് മലബാറുമായി വ്യാപാരം നടത്തിയത്. സഫാര്‍ നഗരത്തില്‍ പലയിടത്തും തെങ്ങ്, കവുങ്ങ് മുതലായ വൃക്ഷങ്ങളും വെറ്റിലക്കൊടിയും ഇന്നും കാണാന്‍ കഴിയും. കേരളവുമായി സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ പ്രമുഖര്‍ അറബികളും ഫിനിഷ്യക്കാരുമായിരുന്നു[6].
അറബി വാണിജ്യത്തിന്‍റെ ആദ്യകാലം ഒമ്പതു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ ആയിരുന്നു. പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നു വന്ന, അറബിഭാഷ സംസാരിക്കുന്നവരെയാണ് അറബികള്‍ എന്ന് വിശേഷിപ്പിച്ചിരുന്നത്. കടല്‍വഴി കേരളക്കരയുടെ ഏറ്റവും അടുത്തുള്ള രാജ്യമാണ് അറേബ്യ. അതിനാല്‍ വാണിജ്യം നടത്താന്‍ ഏറ്റവും സുഗമമായ പാതകളും ഇവര്‍ക്കുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ കോഴിക്കോട്ടെ അറബിവാണിജ്യം ശക്തമാകുകയും പാശ്ചാത്യരാജ്യങ്ങളുമായുള്ള കുരുമുളക് വ്യാപാര കുത്തക അറബികള്‍ സ്വന്തമാക്കുകയും ചെയ്തു[7] .
പന്തലായനികൊല്ലത്തിന്‍റെ പ്രാധാന്യം
മധ്യകാലഘട്ടത്തില്‍ 'പന്തലായനി' എന്ന പേരിനു പകരം 'പന്തര്‍' എന്നായിരുന്നു പേര്. പന്തര്‍ എന്നാല്‍ തുറമുഖം എന്നാണ് അര്‍ത്ഥം. വിശാലമായ നെല്‍പ്പാടവും അതിനുചുറ്റുമായി ധാരാളം അയനിപ്പിലാവുകളും ഇവിടെ ഉണ്ടായിരുന്നു. അതു കൊണ്ടാവാം പന്തലായനി എന്നു പേരുവന്നതെന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു[8]. സഞ്ചാരിയായ ബര്‍ബോസ, പന്തലായനികൊല്ലത്തെക്കുറിച്ച് വിവരിക്കുന്നത് ആ സ്ഥലം മുഴുവന്‍ മൂറുകള്‍ ആയിരുന്നു, അവിടുത്തെ ജനങ്ങളിലേറെയും മുസ്ലിങ്ങളും[9]. പന്തലായനി കൊല്ലത്തെ കടപ്പുറത്തെ ആ കാലത്ത് കോളം കടപ്പുറം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കാലവര്‍ഷക്കാലത്ത് കപ്പലുകള്‍ക്ക് നങ്കൂരമിടുവാന്‍ വേണ്ട പ്രകൃതിദത്തമായ സൗകര്യങ്ങള്‍ പന്തലായനിക്കുണ്ടായിരുന്നു. കടല്‍ത്തീരം ഉള്ളിലേക്കു വലിഞ്ഞ് തീരപ്രദേശത്തിന് ഒരു ഉള്‍ക്കടലിന്റെ രൂപം കൈവന്നിരുന്നതിനാല്‍ പായ്ക്കപ്പലുകള്‍ക്ക് നങ്കൂരമിട്ട് നില്‍ക്കുവാന്‍ സാധിക്കുമായിരുന്നു[10]. ഇത്തരം കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഓടായിമാര്‍ എന്ന ഒരു വിഭാഗവും ഈ പ്രദേശത്തുണ്ടായിരുന്നു[11]. അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന കാര്യത്തില്‍ അതിവിദഗ്ദ്ധരായിരുന്നു അവര്‍. ഇതെല്ലാം വാണിജ്യശക്തികളെ കപ്പലുമായി പന്തലായനികൊല്ലത്തേക്കു വരാന്‍ താല്‍പര്യമുള്ളവരാക്കി.
മധ്യകാല കേരളത്തില്‍ വിഭവസമൃദ്ധമായ ഒരു പ്രദേശമായിരുന്നു പന്തലായനികൊല്ലം. വിദേശികളെ ഈ പ്രദേശത്തേക്ക് ആകര്‍ഷിച്ചതും ഈ വിഭവ സമ്പത്ത് തന്നെയായിരുന്നു. ചേരപെരുമാക്കന്മാരെ വാഴ്ത്തിപ്പാടുന്ന പതിറ്റുപത്തിലെ പാട്ടില്‍ പന്തറിനെ പറ്റി സൂചിപ്പിക്കുന്നുണ്ട്[12]. കൊടുമണത്ത് നിന്ന് സ്വര്‍ണാഭരണവും പന്തറില്‍ നിന്ന് നന്മുത്തുകളും കൊണ്ടുവന്നു എന്നാണ് പറയുന്നത്. ആ കാലത്ത് പലതരത്തിലുള്ള മുത്തുകള്‍ ലഭ്യമായിരുന്ന ഒരു പ്രദേശമാണ് പന്തലായനികൊല്ലം എന്ന് ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. മുത്തുകള്‍ക്ക് പുറമേ പട്ടിനങ്ങള്‍ ഇവിടെ ഉത്പാദിപ്പിച്ചിരുന്നതായും ഈ കൃതിയില്‍ പറയുന്നുണ്ട്[13]. കൃഷിയാണ് മറ്റൊരു വാണിജ്യപ്രാധാന്യമുള്ള പ്രവൃത്തി. വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിച്ച പ്രധാന വനവിഭവങ്ങളില്‍ ഒന്നായിരുന്നു കുരുമുളക്. പന്തലായനിയെക്കുറിച്ചും ഈ പ്രദേശത്തെ കുരുമുളക് വ്യാപാരത്തിനെക്കുറിച്ചും മധ്യകാല സഞ്ചാരികളായ അബുല്‍ ഫിദായും റഷീദുദ്ദീനും ഇബ്നു ബത്തൂത്തയും വിവരിച്ചിട്ടുണ്ട്. മധ്യകാലഘട്ടത്തില്‍ വളര്‍പട്ടണം, മാടായി, പന്തലായനികൊല്ലം, കോഴിക്കോട് മുതലായ പുതിയ പട്ടണങ്ങളാണ് അറബികള്‍ വാണിജ്യത്തിനു കൂടുതല്‍ സൗകര്യപ്രദമായി കണ്ടത്. ഇബ്നു ബത്തൂത്തയുടെ സഞ്ചാരകൃതികളില്‍ പന്തലായനികൊല്ലത്ത് പള്ളിയുടെ ഭാഗത്തായി അറബി വ്യാപാരികള്‍ താമസിച്ചിരുന്ന തിനെപ്പറ്റി പറയുന്നു[14]. കുരുമുളകിനു പുറമേ കൃഷിചെയ്തിരുന്നത് വെറ്റില, ഇഞ്ചി, ഏലം എന്നിവയായിരുന്നു. വെറ്റില, ഇഞ്ചി എന്നീ വിളകള്‍ സ്വതവേ കൃഷിചെയ്തിരുന്നത് കുറവായിരുന്നു. മധ്യകാലത്ത് ഇവയ്ക്ക് വിദേശികള്‍ക്കിടയില്‍ അത്ര പ്രിയം ഉണ്ടായിരുന്നില്ല. ഏലം ആയിരുന്നു കുരുമുളകിന് ശേഷം വിദേശികളെ ആകര്‍ഷിച്ച മറ്റൊരു സുഗന്ധവിള. മധ്യകാലഘട്ടത്തില്‍ ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു പന്തലായനികൊല്ലം[15].
വിദേശീയരെ ഏറെ ആകര്‍ഷിച്ച സ്ഥലമായിരുന്നു പന്തലായനികൊല്ലം എങ്കിലും അറബികള്‍ തന്നെയായിരുന്നു വാണിജ്യത്തില്‍ പ്രമുഖര്‍. സുലൈമാന്‍, അല്‍ താജിര്‍, മസൂദി, ആല്‍ബറൂനി, ആമിര്‍ ഗുസ്റു, ഇബ്നുബത്തൂത്ത, അബ്ദുല്‍ റസാഖ് തുടങ്ങിയവരുടെ സഞ്ചാരകൃതികളില്‍ പന്തലായനി തുറമുഖത്തെപ്പറ്റി പരാമര്‍ശങ്ങള്‍ കാണാം. കേരളത്തിലേക്ക് വന്ന അറബികള്‍ക്ക് പള്ളികള്‍ നിര്‍മ്മിക്കുവാനും മതപ്രചാരണത്തിന് സാമൂതിരി രാജാവ് അവര്‍ക്ക് അനുമതി നല്‍കിയിരുന്നു. പന്തലായനികൊല്ലത്ത് നിലനിന്നിരുന്ന ഒരു പള്ളിയുടെ ശ്മശാനത്തില്‍ (മയ്യത്ത് കുന്ന്) കണ്ടെത്തിയ ശിലാരേഖയില്‍ ഹിജറ വര്‍ഷം 166ല്‍ (എ ഡി 786) ജീവിച്ചിരുന്ന അബു ഇബ്നു ഉദോര്‍മാന്‍ എന്നയാളുടെ മരണം രേഖപ്പെടുത്തിയതായി കാണുന്നു. ഇതിനോടൊപ്പം കണ്ടെത്തിയ മറ്റ് സ്മാരകശിലകളിലെ എഴുത്തുകളില്‍ നാലെണ്ണം മാലിക് ഇബ്നു ദിനാറിന്‍റെ അനുയായികളായ, മലബാറിലെ ആദ്യ ഇസ്ലാമിക പ്രചാരകര്‍മാരുടേതാണെന്ന് പറയപ്പെടുന്നു[16] . ഇതിനോടകം തന്നെ അറബികള്‍ കോഴിക്കോട്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് താമസമാക്കുവാനും തുടങ്ങി. കാറ്റിന്‍റെ ഗതി കിഴക്കോട്ടു തിരിയുന്ന ജൂലൈ, ആഗസ്ത് മാസങ്ങളില്‍ അറേബ്യയില്‍നിന്നു കപ്പലുകള്‍ മലബാര്‍ തീരത്തേക്ക് പുറപ്പെടുകയും ഇവിടെ മൂന്നുനാല് മാസക്കാലം വരെ താമസിച്ചു കച്ചവടം നടത്തിയതിനുശേഷം ഡിസംബറിലോ ജനുവരിയിലോ നാട്ടിലേക്കു മടങ്ങിപ്പോവുകയുമാണ് പതിവ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റും വടക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റും അറേബ്യന്‍ തീരത്തുനിന്നു കേരളതീരത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കു സഹായകമായിട്ടുണ്ട്. [17].
ഹുക്കയുടെ വരവ്
ഏകദേശം 500 വര്‍ഷം മുമ്പ് കേരളത്തിലെ കൊയിലാണ്ടിയില്‍ എത്തിയ യമനിലെ വ്യാപാരികള്‍ പുകവലിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണമാണ് ഹുക്ക. ഒരു കൂജയ്ക്കു മുകളിലായി ഘടിപ്പിച്ച പാത്രം അഥവാ സോസറില്‍ പുക വലിക്കാനുള്ള മിശ്രിതം ഇടുകയും ഇതു കത്തിക്കുമ്പോള്‍ ഹുക്കയുടെ കുഴല്‍വഴി പുക പുറത്തു വരുകയും ചെയ്യുന്നു. പുകയിലയും സുഗന്ധ വസ്തുക്കളും കലര്‍ത്തിയുള്ള മിശ്രിതം കത്തിക്കുന്ന പുകയാണ് വെള്ളത്തിലാഴ്ത്തിയ കുഴല്‍ വഴി വരുന്നത്[18]. പാത്രത്തില്‍ കറുപ്പ്[19] കൂട്ട് ചേര്‍ത്ത് പുകയില കത്തിച്ച് കൂജയോട് ഘടിപ്പിച്ച കുഴലിലൂടെ വലിച്ചൂതിയാണ് ഇത് ആസ്വദിക്കുന്നത്. അറബിഭാഷയില്‍ 'ഷിശാ' എന്നറിയപ്പെടുന്ന ഈ ഹുക്ക അറബികളുടെ വിശ്രമവേളകളിലെ ഒരു പ്രധാന വിനോദോപാധി ആയിരുന്നു.

പഴയ പന്തലായനികൊല്ലത്തിന് ഇസ്ലാമിക സംസ്കൃതിയുടെ നീണ്ട ചരിത്രമുണ്ട്. കേരളത്തില്‍ ആദ്യമായി ഇസ്ലാം മതപ്രചാരണത്തിന് വന്ന മാലിക് ദിനാറില്‍ നിന്നാണ് ആ സംസ്കൃതി തുടങ്ങുന്നത് എന്ന് ഐതീഹ്യങ്ങളില്‍ പരാമര്‍ശമുണ്ട്. പില്‍ക്കാലത്ത് മലബാര്‍ തീരത്തേയ്ക്ക് കച്ചവടത്തിനും മതപ്രബോധനത്തിനുമായി യമനില്‍ നിന്നെത്തിയ തങ്ങള്‍മാര്‍ ജന്മനാട്ടിലേക്ക് തിരിച്ചു പോകാതെ പന്തലായനികൊല്ലത്തു സ്ഥിരതാമസം ഉറപ്പിച്ചു. ബാഫഖി തങ്ങള്‍മാരുടെ കേരളത്തിലെ പരമ്പര ആരംഭിക്കുന്നത് യമനിലെ കരീമില്‍ നിന്ന് പന്തലായനിയില്‍ എത്തിയ സയ്യിദ് അഹമ്മദ് ബാഫഖി തങ്ങളില്‍ നിന്നാണ്.
പതിനാറു-പതിനേഴു നൂറ്റാണ്ടുകളില്‍ വടക്കന്‍ മലബാറിലെ സമ്പന്നരായ മുസ്ലിങ്ങള്‍ ഹുക്ക ധാരാളമായി ഉപയോഗിച്ചിരുന്നു. തുടക്കത്തില്‍ അറബി നാടുകളില്‍ മാത്രം നിര്‍മ്മിച്ചിരുന്ന ഹുക്ക പിന്നീട് കേരളത്തില്‍ ഉണ്ടാക്കിയത് മൂശാരിമാര്‍[20] ആണ്. പന്തലായനികൊല്ലം തുറമുഖത്ത് വ്യാപാരത്തിനായി എത്തിയ അറബികള്‍ മൂശാരിമാര്‍ നിര്‍മ്മിച്ച ലോഹ വസ്തുക്കള്‍ കണ്ടതോടെയാണ് ഹുക്ക എന്തു കൊണ്ട് കേരളത്തില്‍ തന്നെ ഉണ്ടാക്കിക്കൂടാ എന്നു തോന്നിയത്. അറബികള്‍ ദ്വിഭാഷികള്‍ വഴി കൊയിലാണ്ടിയിലെ മൂശാരിമാരെ സമീപിക്കുകയും ഹുക്കയുടെ ചിത്രങ്ങള്‍ നല്‍കി അവ ഉണ്ടാക്കിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഹുക്ക നിര്‍മ്മാണവിദ്യയില്‍ മൂശാരിമാര്‍ അതിവേഗം പ്രാവീണ്യം നേടി. അറബികള്‍ കൊണ്ടുവന്ന രീതിയിലായിരുന്നു ഹുക്കകളുടെ ആദ്യകാലത്തെ നിര്‍മ്മാണം. മൂശാരിമാരുടെ പങ്ക് മറുനാടന്‍ മോള്‍ഡുകളില്‍ തനതായ കരവിരുത് പ്രദര്‍ശിപ്പിക്കുന്നതില്‍ ഒതുങ്ങിയിരുന്നു. 1970-കളില്‍ കൊയിലാണ്ടിയില്‍ ഹുക്ക പണിശാലകള്‍ തുറക്കുകയും ഹുക്ക പൂര്‍ണമായും ഇവിടെ നിര്‍മ്മിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ഇവിടുത്തെ ഭാവനാസമ്പന്നരായ മൂശാരിമാര്‍ അവരുടെ കരകൗശലവിദ്യകള്‍ കൂടി ഉള്‍പ്പെടുത്തി ഹുക്കയെ പുകവലിക്കാനുള്ള ഉപകരണമെന്നതിലുപരി ഒരു അലങ്കാരവസ്തു എന്ന നിലയിലേക്ക് ഉയര്‍ത്തി.
കൊയിലാണ്ടിയിലെ പന്തലായനികൊല്ലം ദേശത്തില്‍ നിന്നാണ് ഹുക്കയുടെ നിര്‍മ്മാണം ആദ്യകാലത്ത് തുടങ്ങിയത്. അവരുടെ പാരമ്പര്യം പിന്തുടര്‍ന്നാണ് പിന്നീട് മറ്റുള്ളവരും ഈ ജോലി തുടര്‍ന്നുപോന്നത്. പത്തിഞ്ച് മുതല്‍ ഇരുപത്തിനാല് ഇഞ്ച് വരെയുള്ള ഹുക്ക തൊണ്ടുകള്‍ ആദ്യകാലത്ത് ഉണ്ടാക്കിയിരുന്നു. വളരെയധികം അധ്വാനവും കരകൗശലവിദ്യയും സമന്വയിച്ചാണ് ഇന്ന് കാണുന്ന കൊയിലാണ്ടി ഹുക്കകള്‍ ഉണ്ടായത്. ഹുക്കാ മാതൃകയിലുള്ള കൂജകളുടെ തുടക്കം ഇതിലൂടെയായിരുന്നു. പന്തലായനികൊല്ലത്ത് വാണിജ്യത്തിന് വന്നിരുന്ന വ്യാപാരികളെ ഹുക്ക ആകര്‍ഷിച്ചതോടെ വിനോദോപാധി എന്ന നിലയില്‍ നിന്ന് അലങ്കാരവസ്തു എന്ന നിലയിലേക്കും ഹുക്ക വ്യാപാരം മാറി. കൊയിലാണ്ടി ഹുക്കകകള്‍ എന്ന പേരില്‍ അറബിനാടുകളിലെ വിപണി പിടിച്ചടക്കുകയും ചെയ്തു.
അറബികള്‍ക്ക് അവരുടെ വാണിജ്യത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉല്‍പന്നമായിരുന്നു ഹുക്ക. മറ്റു വിദേശീയരും ഈ കരകൗശലവിദ്യയില്‍ ആകൃഷ്ടരായി ഹുക്കകള്‍ വാങ്ങിയതായും അറിവുണ്ട്. അറബികള്‍ വ്യാപാരത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കാലത്തായിരുന്നു പോര്‍ച്ചുഗീസുകാര്‍ കേരളത്തിലേക്ക് കടന്നു വന്നത്.
ഹുക്ക വ്യാപാരത്തിന്‍റെ പതനം
ഹിജറ 904 മാണ്ടിലാണ് പോര്‍ച്ചുഗീസുകാര്‍ ആദ്യമായി മലബാര്‍ കരയില്‍ വരുന്നത്. പോര്‍ച്ചുഗീസുകാരുടെ മൂന്നു കപ്പല്‍ പന്തലായനികൊല്ലത്ത് നങ്കൂരമിട്ടിറങ്ങുകയും അവിടെ നിന്നും കരമാര്‍ഗം കോഴിക്കോട്ട് എത്തി. മലബാറിലെ കുരുമുളക്, ചുക്ക് എന്നിവയുടെ വ്യാപാരകുത്തക കയ്യടക്കുകയായിരുന്നു അവരുടെ ലക്ഷ്യം[21]. കച്ചവടസംസ്കാരം പണിതുയര്‍ത്തിയ മതസൗഹാര്‍ദ്ദത്തിന്‍റെ വേരുകള്‍ മെല്ലെയറ്റു തുടങ്ങുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്. പോര്‍ച്ചുഗീസുകാര്‍ മലബാറില്‍ എത്തിയപ്പോള്‍ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന കച്ചവടക്കാര്‍പോലും അവിടെ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു[22]. പോര്‍ച്ചുഗീസുകാരുടെ രണ്ടാം വരവായിരുന്നു എഡി 1500 സെപ്റ്റംബറില്‍. അവരുടെ രാഷ്ട്രീയധികാരപ്രയോഗം ആദ്യകാലങ്ങളില്‍ ലക്ഷ്യമിട്ടത് പ്രധാനമായും കടല്‍വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന കേരളത്തിലെ മുസ്ലീങ്ങളെയാണ്. പന്തലായനികൊല്ലത്തെ വിഭവങ്ങള്‍ ശേഖരിച്ചിരുന്ന മുസ്ലീം ശക്തികള്‍ക്ക് എതിരെ പോര്‍ച്ചുഗീസുകാര്‍ പ്രതികരിച്ചിരുന്നു. അവര്‍ സാമൂതിരി രാജാവിന്‍റെ അനുമതിയോടെ നിര്‍മ്മിച്ച പണ്ടികശാല അറബികള്‍ തകര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷം അറബിവ്യാപാരികളെയും പന്തലായനികൊല്ലത്തെ മൂറുകളെയും ഏറെ ബാധിച്ചിരുന്നു[23] .
അറബികള്‍ക്ക് കേരളവുമായുള്ള വാണിജ്യബന്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പോര്‍ച്ചുഗീസുകാര്‍ അവരോടു വളരെ ക്രൂരമായിത്തന്നെ പെരുമാറിയിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോള്‍ കോഴിക്കോട്, അറബി പോര്‍ച്ചുഗല്‍ വാണിജ്യതാല്പര്യങ്ങളുടെ സംഘട്ടനകേന്ദ്രമായി മാറിയിരുന്നു. അറബികളുടെയും സാമൂതിരിയുടെയും ബന്ധത്തെചൊല്ലി 1502 ല്‍ വാസ്കോഡഗാമ കോഴിക്കോട് തുറമുഖത്തെ അറബികപ്പലുകള്‍ കൊള്ളയടിക്കുകയും നഗരപരിസരം കയ്യേറുകയും ചെയ്തു[24]. അറബികളെ ആശ്രയിച്ചായിരുന്നു ഹുക്കവ്യാപാരം കൊയിലാണ്ടി പ്രദേശത്ത് നടന്നിരുന്നത്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളുടെ കടന്നുവരവ് തുടക്കത്തില്‍തന്നെ ഹുക്കവ്യാപാരത്തെ ബാധിച്ചിരുന്നു. പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തെ ഭയന്നുകൊണ്ട് അറബികളുടെ വരവ് കുറഞ്ഞുവന്നു. നിര്‍മ്മിച്ചു വെച്ചിരുന്ന ഹുക്കകള്‍ ഈ കാലത്ത് വിറ്റഴിക്കാതെ കെട്ടിക്കിടക്കുകയും പ്രാദേശിക വാണിജ്യമേഖല വന്‍ പ്രതിസന്ധിയിലകപ്പെടുകയും ചെയ്തു. അറബികള്‍ക്കൊപ്പം ചീനക്കാരെയും പോര്‍ച്ചുഗീസുകാര്‍ തുറമുഖത്ത് നിന്നും മാറ്റി നിര്‍ത്തി. ചെമ്പ്, സിങ്ക്, വെള്ളി, ഈയം, രസം എന്നീ ലോഹങ്ങളെ ആശ്രയിച്ചായിരുന്നു ഹുക്കവ്യാപാരം. ഇത് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത് ചൈനയില്‍ നിന്നുമായിരുന്നു കേരളത്തില്‍ മധ്യകാലഘട്ടത്തില്‍ രൂപപ്പെട്ടു വികാസംപ്രാപിച്ച ചീനവാണിജ്യത്തിനു കോളനിവാഴ്ചയുടെ കാലംവരെ മാത്രമേ നിലനില്‍പുണ്ടായിരുന്നുള്ളു[25].
പോര്‍ച്ചുഗീസുകാര്‍ ഹുക്കകള്‍ ഉപയോഗിച്ചിരുന്നതായി തെളിവുകളൊന്നും ഇല്ല. എന്നാല്‍ ആഡംബരവസ്തു എന്ന നിലയില്‍ കൂജകള്‍ പോലുള്ള ഹുക്കകള്‍ വാങ്ങിയതായി അറിവുണ്ട്. പോര്‍ച്ചുഗീസുകാര്‍ കൊയിലാണ്ടി ഹുക്കകള്‍ വാങ്ങി വിദേശരാജ്യങ്ങളില്‍ വില്‍പന നടത്തിയിരുന്നതായി ഹുക്ക നിര്‍മ്മാതാക്കള്‍ പറയുന്നു. ഈ വാദത്തെ സാധൂകരിക്കുന്ന ചില സൂചനകള്‍ കോഴിക്കോടിന്‍റെ പൈതൃകം എന്ന പുസ്തകത്തില്‍ കാണാം. 1924 ല്‍ ബ്രിട്ടീഷുകാര്‍ ലണ്ടനിലെ വെബ്ലിങ് പാര്‍ക്കില്‍ മലബാറിലെ ഉല്പന്നങ്ങളുമായി 'മലബാര്‍ സ്പെഷ്യലിറ്റി' എന്ന പേരില്‍ ഒരു പ്രദര്‍ശനം നടത്തിയിരുന്നു. ഇതിലേക്ക് കൊയിലാണ്ടിയിലെ ചിരട്ട കൊണ്ടുള്ള ഹുക്കകള്‍ സംഘടിപ്പിക്കണമെന്നും ഇതിനായി കൊയിലാണ്ടിയിലെ ഒരു രാരുവിനെ കണ്ടാല്‍ മതിയെന്നും മലബാറിലെ കലക്ടര്‍ക്ക് മദ്രാസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതായി കാണുന്നു[26]. ഇത് സൂചിപ്പിക്കുന്നത് കൊയിലാണ്ടി ഹുക്കകള്‍ക്ക് യൂറോപ്യന്‍ ശക്തികളുടെ ആഗമനകാലത്തും വാണിജ്യ പ്രാധാന്യം ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ ഹുക്ക വ്യാപാരത്തെ പരിപോഷിപ്പിക്കാനോ അതിന്റെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുവാനോ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഹുക്ക വാണിജ്യത്തെ മുന്നോട്ട് കൊണ്ടു പോകുവാന്‍ മൂശാരിമാര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഹുക്കയുടെ നിര്‍മാണം
ഹുക്കകളുടെ നിര്‍മ്മാണം ഏറെ പ്രയാസമേറിയ ജോലിയാണ്. നിശ്ചിത അളവുകള്‍ നല്‍കിയായിരുന്നു ഹുക്കകള്‍ ആദ്യകാലത്ത് നിര്‍മ്മിച്ചിരുന്നത്. കൊയിലാണ്ടി ഹുക്കയുടെ പ്രധാനസവിശേഷത എന്തെന്നാല്‍, പൂര്‍ണ്ണമായും കൈകൊണ്ട് നിര്‍മ്മിക്കുന്നവയാണ്. കരവിരുതിന്‍റെ തികവും രൂപലാവണ്യവും, ഇസ്ലാമിക ചിത്രശൈലിയുടെ മിഴിവുമുള്ള ഈ ഹുക്കകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നത് ചെമ്പ്, പിച്ചള, വെള്ളി എന്നീ ലോഹങ്ങളുടെ സങ്കരമാണ്. ചെമ്പ്, രസം, തുത്തനാകം, ഈയം മുതലായ വസ്തുക്കള്‍ മലബാര്‍ തീരത്തെത്തിയത് ചീനക്കപ്പലുകള്‍ വഴിയാണെന്ന് രാഘവവാര്യരും രാജന്‍ ഗുരുക്കളും അഭിപ്രായപ്പെടുന്നുണ്ട്. ചിരട്ടയില്‍ വെങ്കലംകൊണ്ട് അലങ്കാരപ്രയോഗങ്ങള്‍ നടത്തി നിര്‍മ്മിക്കുന്ന ഹുക്കകളുടെ മുഴുവന്‍ കുത്തകയും പന്തലായനി എന്ന പ്രദേശത്തിനായിരുന്നു[27].

1970കളിലാണ് കൊയിലാണ്ടിയില്‍ പൂര്‍ണമായും ഹുക്കകള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ഹുക്ക പണിശാലകള്‍ വീടിനോട് ചേര്‍ന്നു തന്നെയാണ് പണിയുന്നത്. മേല്‍ക്കൂര ഓല മേഞ്ഞതും നിലം കളിമണ്ണ് പാകിയതുമാണ്. ഹുക്ക പണിശാലകളില്‍ തീകൊണ്ടുള്ള ഉപയോഗം കൂടുതലായതിനാല്‍ മേല്‍ക്കൂരകള്‍ നിലത്തു നിന്നു നിശ്ചിത ഉയരത്തിലായിരിക്കും. ഹുക്കയുടെ അച്ചുകള്‍ കട്ടിയേറിയതും പലതരത്തിലുള്ള ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതുമാണ്. ഈ അച്ചുകളിലേക്ക് മെഴുക് ഉരുക്കിയൊഴിച്ച് ഹുക്കയുടെ ചിത്രഭാഗങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നു.
ഹുക്കയുടെ മൂന്ന് ഭാഗങ്ങളാണ് മരത്തില്‍ തീര്‍ക്കുന്നത്. തേക്ക്, മാവ്, പ്ലാവ് എന്നീ മരങ്ങളുടെ ഒറ്റത്തടിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. മരത്തടിയില്‍ തീര്‍ത്ത ഈ ഹുക്കരൂപത്തെ മോള്‍ഡുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഹുക്കയുടെ മെഴുകില്‍തീര്‍ത്ത ഭാഗങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത് അയവു വരുത്തി മോള്‍ഡുകളില്‍ ഒട്ടിച്ചു വെക്കുന്നു. ഹുക്കയുടെ മോള്‍ഡുകളിലേക്ക് മെഴുകില്‍ പകര്‍ന്നെടുത്ത ചിത്രരൂപങ്ങള്‍ ഒട്ടിച്ചുവെക്കുന്നു. ചിത്രങ്ങള്‍ ഇല്ലാത്ത ഹുക്കയുടെ താഴത്തെ ഭാഗം നിര്‍മ്മിക്കുന്നത് മോള്‍ഡുകളിലേക്ക് നേരിട്ട് മെഴുകുരുക്കിയൊഴിച്ചുക്കൊണ്ടാണ്. ഇത്തരത്തില്‍ മൂന്ന് മെഴുകുരൂപങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു. ഈ മെഴുകുരൂപങ്ങള്‍ കളിമണ്ണില്‍ പൊതിഞ്ഞെടുക്കുകയാണ് അടുത്ത ഘട്ടം. കളിമണ്ണ് നനച്ച് വളരെ പതുക്കെ മാത്രമേ മെഴുകുരൂപങ്ങളില്‍ പൊതിഞ്ഞെടുക്കാന്‍ കഴിയുകയുള്ളു. ഇങ്ങനെ കളിമണ്ണ് പൊതിഞ്ഞ മെഴുകുരൂപങ്ങള്‍ ഒരാഴ്ചയോളം വെയിലത്ത് ഉണക്കാനിടുന്നു. വലിയ കുഴികളില്‍ ചകിരി, ചിരട്ട, ചുള്ളിക്കമ്പുകള്‍ എന്നിവ കൊണ്ട് കനല്‍ ഉണ്ടാക്കിയെടുക്കുകയും അതിലേക്ക് മണ്ണില്‍ പൊതിഞ്ഞുവെച്ച ഹുക്കയുടെ മെഴുകുരൂപങ്ങള്‍ ഇറക്കിവെക്കുകയും ചെയ്യുന്നു. ഹുക്കയ്‌ക്കുള്ളിലെ മെഴുകുരൂപങ്ങള്‍ ഉരുക്കികളയാനാണ് ഇങ്ങനെ ചെയ്യുന്നത്. ചെമ്പ്, പിച്ചള, വെള്ളി, സിങ്ക് എന്നിവ ഒരു ഇരുമ്പു പാത്രത്തിലാക്കി ചെറിയ ചൂളയിലേക്ക് ഇറക്കിവെക്കുന്നു. ലോഹസങ്കരം ഉരുകിയശേഷം മെഴുകു മുഴുവന്‍ ഉരുക്കിക്കളഞ്ഞ കളിമണ്‍രൂപത്തിലേക്ക് ഒഴിച്ച് അതിനെ തണുുക്കാനനുവദിക്കുന്നു. നന്നായി തണുത്തശേഷം മണ്ണ് പൊട്ടിച്ചു ഹുക്ക പുറത്തെടുക്കുന്നു. ശേഷം അറ്റങ്ങള്‍ സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ച് ഉരച്ച് മിനുസപ്പെടുത്തിയെടുക്കുന്നു. പിന്നെ പിന്നുകള്‍ ഘടിപ്പിച്ച് ഉരച്ചു മിനുക്കിയെടുക്കുന്നു. ഏറ്റവും ഒടുവില്‍ കൂട്ട് നിറക്കുന്ന മരത്തിന്‍റെ തണ്ട്, പുകവലിക്കാനുള്ള പൈപ്പുകള്‍ എന്നിവ ഘടിപ്പിക്കുന്നു.

ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഹുക്ക വ്യവസായത്തിന് കഴിഞ്ഞത് കേരളീയ കൂട്ടുലോഹവ്യവസായത്തിന്‍റെ ഗ്രാമീണ പാരമ്പര്യം മൂലമാണ്.
ഹുക്ക നേരിടുന്ന വെല്ലുവിളികള്‍
പന്തലായനികൊല്ലത്തിന്‍റെ തനതായ ഹുക്ക വ്യാപാരത്തിന്‍റെ പ്രസക്തി മധ്യകാലചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത് തന്നെയാണ്. എന്നാല്‍ ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ ആരും ഹുക്കയെക്കുറിച്ച് കൂടുതലായൊന്നും പഠിക്കാത്തതിനാലും അവയുടെ പഴയ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലും ഈ വ്യവസായം ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയിരിക്കുന്നു. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടിയില്‍ വസിച്ചിരുന്ന മൂശാരികളുടെ കരവിരുതില്‍ തീര്‍ത്ത ഹുക്കയുടെ മാതൃകയിലുള്ള ഹുക്കകളാണ് ഇന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. തദ്ദേശീയ ശില്പികളാല്‍ നിര്‍മ്മിച്ച ഹുക്ക യമനില്‍ നിന്ന് കൊണ്ടുവന്ന ഹുക്കകളെക്കാള്‍ ആകര്‍ഷണീയമായ രൂപകല്പന കൊണ്ട് അലങ്കരിക്കപ്പെട്ടവയായിരുന്നു. ഈ ഹുക്കകള്‍ കൂടുതല്‍ കാലം ഈടു നില്‍ക്കുന്നവയും യന്ത്രസഹായം ഇല്ലാതെ കൈകൊണ്ടു നിര്‍മ്മിക്കുന്നവയും ആയിരുന്നു.
തുടക്കത്തില്‍ ഹുക്ക നിര്‍മാണത്തില്‍ നൂറിലധികം കുടുംബങ്ങള്‍ പങ്കെടുത്തിരുന്നു, ഇന്ന് ആറു കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു ഹുക്ക നിര്‍മ്മിക്കാന്‍ ഒന്നര കിലോ ഗ്രാം ചെമ്പ്, ഒന്നര കിലോ ഗ്രാം സിങ്ക്, അര കിലോ ഗ്രാം വെള്ളി എന്നിവ ആവശ്യമാണ്. ഒരു ഹുക്കയുടെ നിര്‍മ്മാണത്തിന് ഒരു മാസത്തോളം സമയമെടുക്കുന്നു. കാലാവസ്ഥ മാറുമ്പോള്‍ ദൈര്‍ഘ്യവും കൂടാം. പ്രധാനമായും മണ്‍സൂണ്‍ കാലങ്ങളില്‍ ഹുക്കയുടെ രൂപങ്ങള്‍ ഉണങ്ങുന്നത്തിന് ഏറെ ആഴ്ചകള്‍ എടുക്കുന്നു. കൃത്യമായ ഉണക്കില്ലാത്ത ഹുക്കള്‍ പൊട്ടിപ്പോകുവാനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ ആവശ്യക്കാര്‍ക്ക് അതിന്‍റെ ഉപയോഗത്തിനനുസരിച്ച് ഹുക്കകളുടെ നിര്‍മ്മാണരീതിയും മാറുന്നു.
വിവിധ വലിപ്പങ്ങളില്‍ പലതരം ഹുക്കകള്‍ ഇന്നും നിര്‍മ്മിക്കുണ്ട്. 15,000 മുതല്‍ 30,000 രൂപവരെ വിലമതിക്കുന്ന ഹുക്കകള്‍ ഇന്നുണ്ട്. എന്നാല്‍ തൊഴിലാളികള്‍ക്ക് തുച്ഛമായ വില മാത്രമേ ലഭിക്കുന്നുള്ളൂ. ഗള്‍ഫ് യുദ്ധത്തിനു ശേഷമാണ് ഈ മേഖലയിലെ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരും വളരെയധികം ദുരിതം അനുഭവിക്കേണ്ടിവന്നത്. ഒട്ടുമിക്ക കയറ്റുമതി കമ്പനികളും മറ്റ് പല ഉത്പന്നത്തിന്‍റെയും കടന്നുകയറ്റം മൂലം ഹുക്കകള്‍ കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിച്ചു. ഇതിനു പുറമെ നിര്‍മ്മാതാക്കളും ഈ വ്യവസായത്തില്‍ നിന്ന് പതിയെ പിന്മാറി. ഈ തൊഴിലിന് പ്രത്യേക സഹായങ്ങള്‍ ഒന്നും തന്നെ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല എന്ന ത് ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം പരിഗണിച്ചുപോലും ഹുക്കയെ കാണുവാനോ അതിനെ ഒരു പൈതൃക വസ്തു എന്ന നിലയില്‍ കണക്കാക്കുവാനോ കഴിയാഞ്ഞതാണ് ഹുക്ക വിപണിയുടെ പ്രധാന തകര്‍ച്ചക്ക് കാരണം. ഹുക്ക നിര്‍മ്മാണത്തെ ഇനിയും ചരിത്രത്തില്‍ അടയാളപ്പെടുത്തിയില്ലെങ്കില്‍ പന്തലായനികൊല്ലത്തിന്റെ വാണിജ്യ ചരിത്രത്തില്‍ നിന്നും കൊയിലാണ്ടി ഹുക്കകള്‍ രേഖകളൊന്നും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകും.
[1]45°25 വടക്ക് അക്ഷാംശം മുതല്‍ 75°80 കിഴക്ക് രേഖാംശം.
[2]രാഘവവാര്യര്‍, മധ്യകാലകേരളം : സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍, 12.
[3]ചെറിയാന്‍, പെര്‍സ്പെക്ടിവ് ഓഫ് കേരള ഹിസ്റ്ററി, 87.
[4]നാട് വാണിരുന്ന നാട്ടുരാജാവ്/നാടുവാഴി കുടുംബങ്ങളാണ് പൊതുവെ സ്വരൂപം എന്നറിയപ്പെടുന്നത്. മധ്യകാല കേരളത്തിലെ നാടുകള്‍ ഭരിച്ച എല്ലാ സ്വരൂപങ്ങളുടെയും പിന്തുടര്‍ച്ചാവകാശം നിശ്ചയിച്ചിരുന്നത് മരുമക്കത്തായ സമ്പ്രദായമായിരുന്നു. അതായത് രാജാവിന്‍റെ സഹോദരങ്ങളും മരുമക്കളുമാണ് അവകാശികള്‍.
[5]സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില് ഇന്നും നിലനില്‍ക്കുന്ന ഒരു പ്രദേശമാണ് ഹിജാസ്. അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ചെങ്കടലിനു കിഴക്ക് സമാന്തരമായാണ് ഈ മേഖല സ്ഥിതിചെയ്യുന്നത്.
[6]ഡോ. ശംസുല്ലാഖാദിരി, പ്രാചീന മലബാര്‍, (വിവര്‍ത്തനം) വി. അബ്ദുല്‍ഖയ്യും, 28.
[7]ഗംഗാധരന്‍, വാണിജ്യകേരളം, 7
[8]വിനോദ് കുമാര്‍, കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും, 290.
[9]ചെറിയാന്‍, പെര്‍സ്പെക്ടിവ് ഓഫ് കേരള ഹിസ്റ്ററി, 57.
[10]ഗണേഷ്, കേരളത്തിന്‍റെ ഇന്നലെകള്‍, 1.
[11]വിജയലക്ഷ്മി, ട്രേഡ് ആന്‍ഡ് ട്രേഡിങ്ങ് സെന്‍റേഴ്സ് ഇന്‍ കേരള, 191.
[12]ക്രിസ്തുവര്‍ഷാരംഭത്തിനു മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴകം ഭരിച്ചിരുന്ന രാജാക്കന്മാര്‍ ആയിരുന്നു ചേര ചോള പാണ്ഡ്യ രാജാക്കന്മാര്‍ . ഇവരുടെ ഭരണകാലത്തെ സംഘകാലഘട്ടം എന്നും ആ കാലഘട്ടത്തിലെ കൃതികളെ സംഘകൃതികള്‍ എന്നും പറയപ്പെടുന്നു. ഇത്തരം സംഘകൃതികളെ ' എട്ടുത്തൊകൈ', 'പത്തുപ്പാട്ട്' എന്നിങ്ങനെ വിഭജിച്ചിരുന്നു. എട്ടുത്തൊകൈ എന്നത് എട്ട് പ്രത്യേക ഗ്രന്ഥ സമൂഹങ്ങളായി ശേഖരിക്കപ്പെട്ടിട്ടുള്ള 2421 ചെറിയ പാട്ടുകളാണ്. എട്ടുത്തൊകൈയിലെ നാലാം പുസ്തകമാണ് 'പതിറ്റുപ്പത്ത് '. പ്രാചീന തമിഴ് സാഹിത്യത്തില്‍ ചേര രാജാക്കന്മാരുടെ വീര പരാക്രമങ്ങളെയും, ഗുണമഹിമകളെയും പറ്റി വിദ്വല്‍കവികള്‍ പ്രശംസിച്ചു പാടിയ പാട്ടുകളാണ് പതിറ്റുപ്പത്ത്
[13]വൈദ്യനാഥ അയ്യര്‍, പതിറ്റുപ്പത്ത്, (വിവര്‍ത്തനം).9.
[14]ഗിബ്ബ്, ദി ട്രാവല്‍സ് ഓഫ് ഇബ്നു ബത്തൂത്ത, (വിവര്‍ത്തനം).234.
[15]രാഘവവാര്യര്‍, രാജന്‍ഗുരുക്കള്‍, കേരളചരിത്രം ഭാഗം ഒന്ന്, 150.
[16]കേരളത്തിലെ മുസ്ലീങ്ങള്‍ ആവിര്‍ഭാവവും ആദ്യകാലചരിത്രവും 700 എഡി - 1600എഡി, (വിവര്‍ത്തനം )ഷിബു മുഹമ്മദ്, 17.
[17]ഡോ. ശംസുല്ലാഖാദിരി, പ്രാചീന മലബാര്‍, (വിവര്‍ത്തനം) വി. അബ്ദുല്‍ഖയ്യും,31.
[18]രാഘവ വാര്യര്‍, മധ്യകാലകേരളം സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍, 124
[19]കറുപ്പ് ഒരു ലഹരി പദാര്‍ഥമാണ്. ഓപിയം എന്നും അറിയപ്പെടുന്നു. പന്ത്രണ്ടു പതിമൂന്നാം നൂറ്റാണ്ടുകളില്‍ കേരളത്തിലെ ആളുകള്‍ ഉപയോഗിച്ചിരുന്നു.
[20]വിശ്വകര്‍മ്മാവിന്‍റെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്ന കരകൗശലവിദഗ്ദ്ധരാണ് വിശ്വകര്‍മ്മജര്‍, അതിലെ ഒരു വിഭാഗമാണ് മൂശാരിമാര്‍ എന്നറിയപ്പെടുന്നത്. ഓട്ടുപണി ചെയ്യുന്നതിനാല്‍ ശില്പാചാരി എന്നും മൂശാരി എന്നും അറിയപ്പെടുന്നു. ഇവരുടെ പണിശാല മൂശ എന്നി പേരില്‍ അറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുക്കുന്ന ചൂള ആണു മൂശ. ഇതില്‍ നിന്നും മൂശാചാരി എന്നും, പിന്നെ മൂശാരി എന്ന പദം ഉണ്ടായി. ഓടുകൊണ്ടുള്ള പാത്രങ്ങള്‍, വിഗ്രഹങ്ങള്‍,ശില്പ്പങ്ങള്‍, വിളക്കുകള്‍ എന്നിവ ഉണ്ടാക്കുന്നു. പഞ്ചലോഹ വിഗ്രഹങ്ങള്‍, ആറന്മുളക്കണ്ണാടി മുതലായ അമൂല്യ വസ്തുക്കള്‍ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്.
[21]ശൈഖ് സൈനുദീന്‍, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍, (വിവര്‍ത്തനം)വേലായുധന്‍ പണിക്കശ്ശേ രി, 55.
[22]ഡോ ഗംഗാധരന്‍, വാണിജ്യകേരളം, 14.
[23]ശ്രീധരമേനോന്‍, കേരളചരിത്രശില്പികള്‍, 109-10.
[24]ബാലകൃഷ്ണകുറുപ്പ്, കോഴിക്കോടിന്‍റെ ചരിത്രം, 54.
[25]രാഘവവാര്യര്‍, മധ്യകാലകേരളം : സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍,123.
[26]സെലുരാജ്, കോഴിക്കോടിന്‍റെ പൈതൃകം, 215.
[27]രാഘവവാര്യര്‍, രാജന്‍ഗുരുക്കള്‍, കേരളചരിത്രം ഭാഗം ഒന്ന്, 236.
ഗ്രന്ഥസൂചി
ഗംഗാധരന്‍, എം. വാണിജ്യകേരളം. കോട്ടയം: ഡിസി ബുക്സ്, 2013.
ഗണേഷ്, കെ.എന്‍. കേരളത്തിന്‍റെ ഇന്നലെകള്‍. തിരുവന്തപുരം: കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, 2011.
ചെറിയാന്‍, പി. ജെ. പെര്‍സ്പെക്റ്റീവ്സ്സ് ഓഫ് കേരള ഹിസ്റ്ററി. തിരുവനന്തപുരം: കേരള ഗസറ്റിയര്‍, 1999.
മൊറെ, ജെ. ബി. പി.കേരളത്തിലെ മുസ്ലീങ്ങള്‍: ആവിര്‍ഭാവവും ആദ്യകാലചരിത്രവും 700 എ ഡി -1600 എഡി, വിവര്‍ത്തനം: ഷിബുമുഹമ്മദ്, കോഴിക്കോട്, ലീഡ് ബുക്സ്, 2013.
രാഘവവാര്യര്‍, എം. ആര്‍. മദ്ധ്യകാലകേരളം: സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍. കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2014.
രാഘവവാര്യര്‍, എം. ആര്‍., രാജന്‍ ഗുരുക്കള്‍.കേരളചരിത്രം, രണ്ടാം ഭാഗം. എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം, 2012.
വിജയലക്ഷ്മി എം., 'ട്രേഡ് ആന്‍റ് ട്രേഡിങ്ങ് സെന്‍റേഴ്സ് കേരള (എ. ഡി. 1200-1800)'. പി.എച്ച്. ഡി. തീസിസ്, ഡിപ്പാര്‍ട്ടമെന്‍റ് ഓഫ് ഹിസ്റ്ററി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 1997.
വൈദ്യനാഥ അയ്യര്‍, ജി, വിവര്‍ത്തനം. പതിറ്റുത്ത് (തമിഴ് സംഘകൃതിയുടെ മലയാള വിവര്‍ത്തനം). തൃശ്ശൂര്‍, കേരളസാഹിത്യ അക്കാദമി, 1997.
വിനോദ് കുമാര്‍ ആര്‍. കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും. കോട്ടയം: ഡിസി ബുക്സ്, കോട്ടയം
ശ്രീധരമേനോന്‍ എ. കേരളചരിത്രശില്പികള്‍. കോട്ടയം:ഡിസി ബുക്സ്, 2013.
ശംസുല്ലാ, ഖാദിരി. പ്രാചീന മലബാര്‍. വിവര്‍ത്തനം: അബ്ദുല്‍ ഖയ്യും വി., കോഴിക്കോട്: ബുഷ്റ പബ്ലിഷിങ് ഹൗസ്, 2012.