ചരിത്രപരമായി ഒട്ടനവധി പ്രത്യേകതകളുള്ള ഒരു പ്രദേശമാണ് മലബാര്‍ തീരദേശത്തെ കൊയിലാണ്ടി. മധ്യകാല കേരളത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായ പന്തലായനികൊല്ലം കൊയിലാണ്ടിയില്‍ നിന്ന് ഒന്നര നാഴിക വടക്കുമാറി സ്ഥിതിചെയ്യുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടയുള്ള വിഭവങ്ങളുടെ സമൃദ്ധമായ വാണിജ്യം നടന്നിരുന്ന ഈ പ്രദേശത്തെ മറ്റൊരു പ്രധാന വാണിജ്യയുല്പന്നമായിരുന്നു ഹുക്ക. ആദ്യകാലങ്ങളില്‍ അറബ് രാജ്യങ്ങളില്‍ മാത്രം നിര്‍മ്മിച്ചുവന്ന ഹുക്ക പിന്നീട് അറബി വ്യാപാരത്തിന്‍റെ ഫലമായി മലബാറിലെത്തുകയും കൊയിലാണ്ടിയിലെ മൂശാരിമാര്‍ അവരുടെ പണിശാലകളില്‍ അവയുടെ നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. പില്‍ക്കാലത്ത് കൊയിലാണ്ടിയില്‍ തന്നെ പൂര്‍ണമായും നിര്‍മ്മിക്കപ്പെട്ട ഹുക്ക മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യപ്പെട്ടു. .
ഈ അഭിമുഖത്തിനു രണ്ടു ഭാഗങ്ങളുണ്ട്. കൈത്തൊഴില്‍ക്കാരനായ നാരായണനുമായുള്ള അഭിമുഖമാണ് ആദ്യത്തെ ഭാഗം. നാല്പതു വര്‍ഷത്തിലധികമായി ഹുക്ക നിര്‍മ്മാണം തൊഴിലാക്കിയവരാണ് നാരായണനും സഹോദരന്‍ വേലായുധനും. കൊയിലാണ്ടിയിലെ പെരുവട്ടൂര്‍ പ്രദേശത്ത് വീടിനോട് ചേര്‍ന്നു തന്നെയാണ് ഇവരുടെ ഹുക്കനിര്‍മ്മാണശാല. ഹുക്ക നിര്‍മ്മാണത്തിന് കാലാന്തരത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് നാരായണന്‍ സംസാരിക്കുന്നു.
രണ്ടാം ഭാഗത്തില്‍ കൊയിലാണ്ടി ആര്‍ട്ടിസാന്‍ സൊസൈറ്റിയുടെ പ്രസിഡന്‍റായ രാംദാസ് സംസാരിക്കുന്നു. 1938-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കരകൗശലവസ്തുക്കളുടേയും വിതരണം നടത്തുന്നു. ഹുക്ക, ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങള്‍ എന്നിവ മറ്റു നാടുകളിലേക്കും ആവശ്യക്കാര്‍ക്കും എത്തിച്ചു നല്‍കുകയും ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ കരകൗശലവിദഗ്ധരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുകയാണ് ഈ സ്ഥാപനത്തിന്‍റെ സ്ഥാപിതലക്ഷ്യം. ഇരുപത്തഞ്ചു വര്‍ഷമായി ആര്‍ട്ടിസാന്‍ സൊസൈറ്റിയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന രാംദാസ് കൊയിലാണ്ടിയിലെ ഹുക്കവ്യാപാരത്തിന്‍റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു.
ഭാഗം ഒന്ന്
സോന: കൊയിലാണ്ടിയിലേക്ക് ഹുക്കകളുടെ കടന്നുവരവ് എങ്ങനെയായിരുന്നു? അവ മൂശാരിമാരുടെ ജീവിതരീതി എങ്ങനെ മാറ്റി?
നാരായണന്‍: ഹുക്കയുടെ കടന്നുവരവിന്‍റെ കൃത്യമായൊരു കാലം പറയുക അസാധ്യമാണ്, എങ്കിലും അറബി കച്ചവടക്കാരുടെ വരവോടെയാണ് കേരളത്തില്‍ ഹുക്കകള്‍ എത്തിയതെന്നുപറയാം. അറബികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വിനോദോപാധിയായിരുന്നു ഹുക്കവലിക്കല്‍. ഹുക്ക ഇവിടെത്തും മുന്‍പും മൂശാരിമാര്‍ ലോഹം കൊണ്ടുള്ള വിവിധ നിര്‍മ്മാണങ്ങള്‍ തന്നെയായിരുന്നു ചെയ്തിരുന്നത്. അതില്‍ പ്രധാനമായും ഇരുമ്പ്, ചെമ്പ് എന്നിവയായിരുന്നു ഉപയോഗിച്ചിരുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍, ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ എന്നിവയായിരുന്നു ഉണ്ടാക്കിയിരുന്നത്. അവ നിര്‍മ്മിക്കുന്നതിന് വളരെയധികം സമയമെടുത്തിരുന്നു, ലഭിക്കുന്ന ലാഭം വളരെ കുറവുമായിരുന്നു. ഈ സമയത്താണ് ഹുക്കകളുടെ വരവ്. ഹുക്ക നിര്‍മ്മിച്ച് നല്‍കുന്നത് അറബികള്‍ക്കായതിനാലും ഇടനിലക്കാര്‍ ഉണ്ടായിരുന്നില്ല എന്നതിനാലും ലഭിക്കുന്ന പണം ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. ഹുക്ക നിര്‍മ്മാണത്തോടെയാണ് മൂശാരിമാരുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടതെന്ന് പറയാം. പന്തലായനികൊല്ലത്തെ കുനിയില്‍ തറവാട്ടിലാണ് കേരളത്തില്‍ ആദ്യമായി ഹുക്കകള്‍ ഉണ്ടാക്കിത്തുടങ്ങിയത്. പിന്നീട് മറ്റു മൂശാരിമാരും ഹുക്ക നിര്‍മ്മാണം തുടങ്ങി. അങ്ങനെ പന്തലായനി പ്രദേശത്തെ മൂശാരിമാര്‍ പാരമ്പര്യ ഹുക്ക നിര്‍മ്മാതാക്കളായി മാറുകയായിരുന്നു.
സോന: കേരളത്തില്‍ ഹുക്കനിര്‍മ്മാണം തുടങ്ങാനുള്ള കാരണം എന്തായിരുന്നു?
നാരായണന്‍: ദൂരയാത്ര ചെയ്തു കച്ചവടത്തിനായി കേരളത്തില്‍ എത്തിയിരുന്ന അറബികള്‍ക്കു വിശ്രമവേളകളില്‍ ഹുക്ക വലിക്കുന്നത് ഒഴിവാക്കാനാകുമായിരുന്നില്ല. അതിനായി നാട്ടില്‍നിന്നു പോരുമ്പോഴേ ഹുക്കകള്‍ കൂടെ കരുതുമായിരുന്നു. എന്നാല്‍ യാത്രവേളകളില്‍ പലപ്പോഴും ഹുക്കകള്‍ പൊട്ടിപോകുകയോ അവയ്ക്കു കേടുപാടുകള്‍ സംഭവിക്കുകയോ പതിവായിരുന്നു. ലോഹത്തില്‍ നിര്‍മ്മിതമായതിനാല്‍ അവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ അവര്‍ തദ്ദേശീയരായ മൂശാരിമാരെ സമീപിച്ചു. ആ കാലഘട്ടത്തില്‍ ലോഹപ്പണികള്‍ ചെയ്തിരുന്നത് മൂശാരിമാരും തട്ടാന്മാരുമായിരുന്നു. അറബികള്‍ക്ക് ഞങ്ങളുടെ ഭാഷ മനസിലാകുമായിരുന്നില്ല. തിരിച്ചും. അതുകൊണ്ട് അറബിയും മലയാളവും അറിയാവുന്ന നാട്ടുകാരെ ആരെയെങ്കിലും കൂടെക്കൂട്ടിയാണ് അവര്‍ വരിക. ഇതെല്ലാം ഞങ്ങളുടെ അച്ഛനപ്പൂപ്പന്മാര്‍ പറഞ്ഞു കേട്ടറിവാണ്.
സോന: ഹുക്ക നിമ്മാണത്തിന് മുന്‍പും മൂശാരിമാര്‍ക്ക് ലോഹപ്പണികള്‍ തന്നെ ആയിരുന്നല്ലോ. അതില്‍ നിന്നും ഹുക്ക നിര്‍മ്മാണം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
നാരായണന്‍: ഇരുമ്പ്, ചെമ്പ്, പിച്ചള, ഓട് എന്നീ ലോഹങ്ങളായിരുന്നു ആദ്യകാലത്ത് മൂശാരിമാര്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നത്. അവ തീയില്‍ ഉരുക്കി അടിച്ചുപരത്തിയാണ് ഉപകരണങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഹുക്ക നിര്‍മ്മാണമാകട്ടെ വിവിധ ലോഹങ്ങളുടെ കൂട്ടുകൊണ്ടും. അതില്‍ പലതും നമ്മുടെ നാട്ടില്‍ ലഭിക്കാത്തവയും. ചെമ്പ്, പിച്ചള, വെള്ളി എന്നീ ലോഹങ്ങള്‍ കൊണ്ടായിരുന്നു ആദ്യകാലത്ത് ഹുക്ക നിര്‍മ്മാണം, ഇവ പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നത് ചൈനയില്‍ നിന്നായിരുന്നു. മൂശാരിമാര്‍ക്കിടയില്‍ ആദ്യകാലങ്ങളില്‍ അവ ഉപയോഗിക്കുന്നതില്‍ പരിചയക്കുറവ് ഉണ്ടായിരുന്നു. ഹുക്കകളില്‍ സ്വര്‍ണത്തിന്‍റെ അംശം വരെ ഉപയോഗിച്ചിരുന്നു എന്ന് പൂര്‍വികര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സ്വര്‍ണത്തിന്‍റെ അംശം ഹുക്കകളെ ഏറെ കാലം കേടുകൂടാതെ നിര്‍ത്താന്‍ സഹായിച്ചു. അത് വ്യാപാരികള്‍ക്ക് ഏറെ സൗകര്യപ്രദമാവുകയും ചെയ്തു. ഉപയോഗശൂന്യമായ കപ്പലിലെ ഇരുമ്പവശിഷ്ടങ്ങള്‍ ഹുക്കകള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുമായിരുന്നു. അവ ഇന്നും ഞങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. മറ്റൊരു കാര്യം ഹുക്ക നിര്‍മ്മാണം ഏറെ ദിവസമെടുത്തും കഷ്ടപ്പെട്ടും ചെയ്യുന്ന ഒരു ജോലിയാണ്. ലോഹക്കൂട്ടിന്‍റെ അനുപാതത്തിലും അച്ചുകള്‍ മെഴുകില്‍ തീര്‍ക്കുമ്പോഴുമൊക്കെ പ്രത്യേക ശ്രദ്ധ നല്‍കണം. അല്ലാത്തപക്ഷം അവ നിര്‍മാണത്തിനിടയില്‍ പൊട്ടിപ്പോകാന്‍ ഇടയുണ്ട്..
സോന: കൊയിലാണ്ടിയിലെ പഴയ നിര്‍മ്മാണകേന്ദ്രങ്ങള്‍ ഏതൊക്കെയായിരുന്നു?
നാരായണന്‍: ഏറ്റവും ആദ്യം ഹുക്ക നിര്‍മ്മാണം തുടങ്ങിയത് പന്തലായനികൊല്ലത്തെ കുനിയില്‍ തറവാട്ടിലാണ്. പിന്നീട് പലയിടത്ത് പണിയെടുക്കുന്ന കൊല്ലന്മാരും മൂശാരികളും പണി പഠിച്ച് ഈ ജോലി ചെയ്തുവന്നു. കുനിയില്‍ തറവാട്ടില്‍ തന്നെ മൂന്നില്‍ കൂടുതല്‍ പണിശാലകളും 10-25 പണിക്കാരുമുണ്ടായിരുന്നു. ഞങ്ങളുടെ പൂര്‍വികര്‍ പന്തലായനികൊല്ലത്ത് നിന്ന് പണി പഠിച്ചാണ് തറവാടായ താറ്റുവയല്‍ കുനിയില്‍ ഒരു പണിശാല തുടങ്ങിയത്. ആ ജോലി ഞങ്ങള്‍ ഇന്നും പാരമ്പര്യമായി ചെയ്തുവരുന്നു. പണിശാലകള്‍ ഏറെയും പന്തലായനികൊല്ലത്ത് തന്നെയായിരുന്നു. 1970 നു ശേഷം ഗള്‍ഫ് യുദ്ധങ്ങളുടെ കാലത്താണ് പണി കുറഞ്ഞതും പലരും ഈ തൊഴിലുപേക്ഷിച്ച് മറ്റ് പണികളിലേക്ക് തിരിഞ്ഞതും.
സോന: കൊയിലാണ്ടിയിലെ എല്ലാ പണിശാലകളിലും ഒരേ തരത്തിലായിരുന്നോ ഹുക്ക നിര്‍മ്മിച്ചിരുന്നത്?
നാരായണന്‍: ഹുക്ക നിര്‍മ്മാണരീതി ഏകദേശം ഒരുപോലെ തന്നെയായിരുന്നു എങ്കിലും പലരും അതില്‍ പല മാറ്റങ്ങളും കൊണ്ടുവന്നിരുന്നു. അതിനുള്ള ഒരു പ്രധാനകാരണം സമയം ലഭിക്കുവാന്‍ വേണ്ടിയായിരുന്നു. ഹുക്കയുടെ അച്ചുകളുടെ കാര്യം തന്നെ എടുത്താല്‍ ഒരു പണിശാലയില്‍ തന്നെ പലതരത്തിലുള്ള ഹുക്കയുടെ അച്ചുകള്‍ കാണാന്‍ കഴിയുമായിരുന്നു. അവയില്‍ മീനുകള്‍, പൂക്കള്‍, അറബിയുടെ ചിത്രങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടുവന്നിരുന്നത്. ഹുക്കകളെ കൂടുതല്‍ മനോഹരമാക്കുന്നത് അതില്‍ ആലേഖനം ചെയ്യുന്ന ചിത്രങ്ങളാണ്. അവ പല പണിശാലകളിലും വ്യത്യസ്തമാകും. ഹുക്കയുടെ നിര്‍മ്മാണ കാലയളവ് നോക്കിയാല്‍ ചിലര്‍ ഒരു മാസംകൊണ്ടാണ് ഹുക്കകള്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഹുക്കകള്‍ കൂടുതല്‍ കാലം നിലനില്‍കുകയും ചെയ്യും. ഇവ വാങ്ങിക്കുവാന്‍ ധാരാളം ആളുകള്‍ അന്നുണ്ടായിരുന്നു. ലോഹക്കൂട്ടില്‍ സ്വര്‍ണ്ണം ചേര്‍ത്ത് ഹുക്കകള്‍ നിര്‍മ്മിക്കുന്ന ആളുകളും ഉണ്ടായിരുന്നു. ഹുക്കകളുടെ വലുപ്പത്തില്‍, അങ്ങനെ പലകാര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്ന ആളുകള്‍ ഉണ്ടായിരുന്നു. ഒരു പണിശാലയില്‍ തന്നെ പലതരത്തിലുള്ള ഹുക്കകള്‍ ഉണ്ടാക്കുമായിരുന്നു എന്നാല്‍ ഒരു പണിശാലയില്‍ ഒരുമിച്ച് നിര്‍മ്മിക്കുന്ന ഹുക്കകള്‍ എല്ലാം ഒരു പോലെ തന്നെയായിരുന്നു.
സോന: ഹുക്കകള്‍ ആദ്യകാലം മുതല്‍ക്കേ കയറ്റിയയ്ക്കുകയായിരുന്നല്ലോ. അവ എവിടേക്കായിരുന്നു, എങ്ങനെയെല്ലാം?
നാരായണന്‍: ഹുക്കയുടെ യഥാര്‍ത്ഥ അവകാശികള്‍ യമനില്‍ നിന്ന് വന്ന അറബികളായിരുന്നു. എന്നാല്‍, അവര്‍ ഹുക്കകള്‍ വാങ്ങി യമനിലേക്ക് പോകുന്ന വഴി മറ്റു രാജ്യങ്ങളില്‍ കൊണ്ടുപോയി ഹുക്കകള്‍ വില്‍ക്കുമായിരുന്നു. അതിലൂടെയാണ് കൊയിലാണ്ടിഹുക്കകളെ കുറിച്ച് അന്യ നാടുകളില്‍ അറിയുന്നതും അവര്‍ ഹുക്ക വാങ്ങിക്കുവാന്‍ നമ്മുടെ നാടുകളിലേക്ക് വരുന്നതും. പോര്‍ട്ടുഗീസുകാര്‍, ചൈനക്കാര്‍ എന്നിവര്‍ ഹുക്കകള്‍ വാങ്ങിച്ചിരുന്നു അവ വെറും ഒരു കരകൗശലവസ്തു എന്ന നിലയിലായിരിക്കാം. പോര്‍ട്ടുഗീസുകാര്‍ ഹുക്കയെ ഒരാഡംബരവസ്തുവായാണ് കണക്കാക്കിയിരുന്നത്. അവര്‍ ഇന്ത്യ വിട്ടു പോയശേഷം കൊയിലാണ്ടിഹുക്ക വാങ്ങിക്കാന്‍ വരാറുള്ളതായും ഒരിക്കല്‍ അവരുടെ നാട്ടിലെ എക്സിബിഷന് കൊയിലാണ്ടിഹുക്ക ഒരു പ്രദര്‍ശനവസ്തുവായി വെച്ചിരുന്നതായും അറിവുണ്ട്. പോര്‍ട്ടുഗീസുകാര്‍ പുകവലിക്കുമായിരുന്നെങ്കിലും ഹുക്ക ഉപയോഗിച്ചിരുന്നതായി അറിവില്ല. ഉപയോഗിച്ചിരുന്നത് അധികവും ഗള്‍ഫ് രാജ്യങ്ങളായിലായിരുന്നു. പലവിധത്തിലുള്ള ഹുക്കകള്‍ വിദേശികള്‍ ഇവിടെ നിന്ന് അവരുടെ നാടുകളിലേക്ക് കയറ്റിയയച്ചിരുന്നു, കൂടുതലായും കപ്പല്‍ വഴിയായിരുന്നു. പന്തലായനികൊല്ലത്ത് കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുമായിരുന്നതു കൊണ്ടാണ് ഈ ഹുക്ക വ്യാപാരം പുറംനാടുകളില്‍ അറിഞ്ഞതും കൂടുതല്‍ ആളുകള്‍ വാങ്ങിക്കുവാന്‍ ഇങ്ങോട്ട് വന്നെത്തിയതും.
സോന: കൊയിലാണ്ടിഹുക്കകള്‍ക്ക് നമ്മുടെ നാട്ടിലും ആവശ്യക്കാര്‍ ഉണ്ടായിരുന്നോ?
നാരായണന്‍: നമ്മുടെ കേരളത്തിലെ തന്നെ സമ്പന്നരായ മുസ്ലിം തറവാടുകളിലേക്ക് ഞങ്ങള്‍ ഹുക്കകള്‍ നിര്‍മ്മിച്ചുനല്‍കിയിരുന്നു, അത് മലബാര്‍ പ്രദേശത്തു തന്നെയായിരുന്നു. ജാതി വ്യത്യാസമില്ലാതെ കേരളത്തിലെ പല സമ്പന്നകുടുംബങ്ങളും ഞങ്ങളുടെ പക്കല്‍ നിന്നും ഹുക്കകള്‍ വാങ്ങിയിരുന്നു. എന്നാല്‍ അവ ഉപയോഗിക്കാനായിരുന്നില്ല മറിച്ച് ഒരു കരകൗശലവസ്തു എന്ന നിലയില്‍ സൂക്ഷിക്കുവാനോ ഉപഹാരമായി നല്കുവാനോ ആയിരുന്നു. 1970 കളില്‍ കേരളത്തില്‍ സമ്പന്ന കുടുംബങ്ങള്‍ അത്രയധികം ഇല്ലാതിരുന്നതിനാല്‍ ഇവിടുത്തെ ഹുക്കവിപണി അത്ര വലുതായിരുന്നില്ല. ആവശ്യക്കാര്‍ ഞങ്ങള്‍ക്ക് ഹുക്കയുടെ വലിപ്പവും കണക്കും നിര്‍ദ്ദേശിച്ച് ഓര്‍ഡറുകള്‍ തരുമായിരുന്നു. അതിന്‍പ്രകാരമായിരുന്നു ഞങ്ങളുടെ ഹുക്കനിര്‍മ്മാണം. ആവശ്യാനുസരണമേ ഞങ്ങള്‍ ഹുക്കകള്‍ നിര്‍മ്മിച്ച് നല്കിയിരുന്നുള്ളൂ. പിന്നീട് ബ്രിട്ടീഷുകാരുടെ വരവോടെ ഹുക്കനിര്‍മ്മാണം കുറഞ്ഞു.
സോന: അറബികള്‍ കൊണ്ടുവന്ന ഹുക്കയില്‍ നിന്നും ഇന്നത്തെ കൊയിലാണ്ടി ഹുക്കയിലേക്കുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണ്?
നാരായണന്‍: അറബികള്‍ കൊണ്ടുവന്ന ഹുക്കകള്‍ ഇന്നത്തെ ഹുക്കളെ പോലെയായിരുന്നില്ല. അവ വെറും പുക വലിക്കാനുള്ള ഒരു പിച്ചള പാത്രത്തിന്റെ രൂപത്തിലായിരുന്നു. അറബികളുടെ ഹുക്കകള്‍ വളരെ ചെറുതായിരുന്നു. അത് ചിലപ്പോള്‍ കയ്യില്‍ കരുതാന്‍ സൗകര്യമുള്ളവ എന്ന നിലയിലായിരുന്നിരിക്കാം. അറബിഹുക്കയുടെ മാതൃകയിലായിരുന്നു ഇവിടെ മൂശാരിമാര്‍ ആദ്യം നിര്‍മ്മിച്ച ഹുക്ക. എന്നാല്‍ പിന്നീട് മൂശാരിമാര്‍ തങ്ങളുടെ കരവിരുത് ഹുക്കനിര്‍മാണത്തില്‍ പ്രയോഗിച്ചു തുടങ്ങി. അങ്ങനെ ഹുക്കയുടെ രണ്ട് മോഡലുകള്‍ വന്നു.
കൊയിലാണ്ടിഹുക്കകളുടെ ആദ്യകാല നിര്‍മ്മാണത്തില്‍ അസംസ്കൃത വസ്തുക്കളായ പിച്ചള, വെള്ളി, ചെമ്പ് എന്നിവ ഇറക്കുമതി ചെയ്യുന്നവ ആയിരുന്നല്ലോ. അതിനാല്‍ ഹുക്കനിര്‍മ്മാണത്തിന് വലിയ തടസം നേരിട്ടു, ചിലപ്പോള്‍ കൂട്ട് ലോഹങ്ങള്‍ കുറച്ച് ഹുക്കകള്‍ നിര്‍മ്മിക്കേണ്ട അവസ്ഥപോലും ഉണ്ടായിട്ടുണ്ട്. പിന്നീട് ഗള്‍ഫ് യുദ്ധങ്ങളുടെ കാലത്ത് ഹുക്കവ്യാപാരം പൂര്‍ണമായി തകര്‍ന്നു. 90ന് ശേഷമാണ് പിന്നീട് ഹുക്കകള്‍ നിര്‍മ്മിക്കുവാനും അവ പുറംനാടുകളില്‍ എത്തിക്കുവാനും തുടങ്ങിയത്.
കൃത്യമായ ഓര്‍ഡറുകള്‍ ലഭിക്കാതെ ഞങ്ങള്‍ ഒരിക്കലും ഹുക്ക നിര്‍മ്മിച്ചിരുന്നില്ല. പത്ത് ഹുക്കകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചാല്‍ ഞങ്ങള്‍ ഒന്നോ രണ്ടോ ഹുക്കകള്‍ അധികം നിര്‍മ്മിക്കുവാന്‍ തുടങ്ങി. അതിനുകാരണം നിര്‍മ്മാണവേളകളില്‍ ഹുക്കകള്‍ പൊട്ടിപ്പോകുന്ന സാഹചര്യം കൂടുതലായി വന്നു. അത് കൂട്ടുകളിലെ വ്യത്യാസം കൊണ്ടോ ഞങ്ങളുടെ കൈകളില്‍ നിന്ന് സംഭവിക്കുന്ന പാളിച്ചകള്‍ കൊണ്ടോ ആയിരുന്നിരിക്കാം. ഹുക്കകള്‍ നിര്‍മ്മിക്കുവാന്‍ ഒരാഴ്ചയില്‍ അധികം സമയമെടുക്കുമായിരുന്നു. കൃത്യമായി പറഞ്ഞ തീയ്യതിയില്‍ തന്നെ ഹുക്കകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഞങ്ങള്‍ ഹുക്കകള്‍ കൂടുതല്‍ ഉണ്ടാക്കി തുടങ്ങി. ഹുക്കയുടെ പുറംഭാഗം കൂടുതല്‍ മിനുസപ്പെടുത്തിയെടുക്കുന്ന ഒരു യന്ത്രം കണ്ടുപിടിച്ചു. നീണ്ട പുകക്കുഴലുകള്‍ക്കു ചുറ്റും പല വര്‍ണ്ണത്തിലുള്ള തുണികള്‍ പൊതിഞ്ഞ് അവ കൂടുതല്‍ ഭംഗിയാക്കി. കൊയിലാണ്ടി ഹുക്കകളുടെ തുടക്കക്കാലത്ത് ഹുക്കയുടെ കൂടുംതണ്ട് എന്ന് പറയുന്ന പുകവലിക്കൂട്ട് നിറയ്ക്കുന്ന ഭാഗവും പൂര്‍ണ്ണമായും ലോഹത്തില്‍ തന്നെയായിരുന്നു നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ ഉറപ്പുള്ള മരത്തിന്‍റെ തണ്ടും പുകവലിക്കൂട്ട് നിറയ്ക്കാനായി കളിമണ്‍ പാത്രങ്ങളും വന്നു.
കൊയിലാണ്ടി ഹുക്കകളുടെ ആദ്യകാല നിര്‍മ്മാണം പൂര്‍ണ്ണമായും മൂശാരിമാര്‍ തന്നെയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ഹുക്കയുടെ തണ്ട്, കൂട്ട് നിറയ്ക്കുന്ന പാത്രങ്ങള്‍, പുക വലിക്കുന്ന പൈപ്പുകള്‍ എന്നിവ കൊയിലാണ്ടി ആര്‍ട്ടിസാന്‍ സൊസൈറ്റി ജീവനക്കാര്‍ നിര്‍മ്മിച്ച് ഹുക്കയോട് ഘടിപ്പിക്കുന്നു. ഇന്ന് ആര്‍ട്ടിസാന്‍ സൊസൈറ്റി വഴിയാണ് ഹുക്ക വ്യാപാരം നടക്കുന്നത്. ആദ്യകാലങ്ങളില്‍ ഹുക്ക വ്യാപാരത്തിന് ഇടനിലക്കാര്‍ ഉണ്ടായിരുന്നില്ല, എന്നാല്‍ ഇന്ന് വില്‍പന നടക്കുന്നത് കൊയിലാണ്ടി ആര്‍ട്ടിസാന്‍ സൊസൈറ്റി വഴിയാണ്. മറ്റൊരു പ്രധാന മാറ്റം ഹുക്ക വാങ്ങിക്കുവാന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ കുറവാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിന് ആവശ്യക്കാര്‍ ഉണ്ട്. ഈ തൊഴിലില്‍ നിന്ന് വേണ്ടത്ര വരുമാനം ലഭ്യമാകാത്തതിനാല്‍ ഹുക്ക നിര്‍മ്മാണം അറിയാവുന്ന പലരും മറ്റു ജോലികള്‍ക്ക് പോവുകയാണ്. ഞങ്ങളെ പോലെ ചുരുക്കം ചിലര്‍ ഇന്നും ഈ തൊഴില്‍ ചെയ്യുന്നു.
സോന: ഈ രംഗത്തേക്ക് ഇന്ന് പുതിയ ആളുകള്‍ കടന്നുവരുന്നുണ്ടോ?
നാരായണന്‍: ഇന്ന് ഹുക്ക നിര്‍മ്മിക്കുന്ന ആളുകള്‍ വളരെ കുറവാണ്. അതിനു കാരണം ലോഹക്കൂട്ടുകളുടെ വിലവര്‍ദ്ധനവ്, ഹുക്ക നിര്‍മ്മാണത്തില്‍ നിന്ന് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ല എന്നീ കാരണങ്ങളാണ്. ഞങ്ങള്‍ ഇന്നും ഈ തൊഴില്‍ ചെയ്യുന്നതിനു കാരണം ഇത് ഞങ്ങളുടെ പാരമ്പര്യ തൊഴിലാണ്. മറ്റൊന്ന്, ഞങ്ങള്‍ക്ക് മറ്റു തൊഴിലുകള്‍ അറിയില്ല. ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്ന് കരകൗശല ഉല്‍പ്പന്നനിര്‍മ്മാതാക്കള്‍ക്ക് ലഭിക്കേണ്ട ഒരാനുകൂല്യവും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇത്തരത്തിലൊരു അവസ്ഥയില്‍ നിന്നുകൊണ്ടാണ് ഞങ്ങള്‍ ഹുക്ക നിര്‍മ്മിക്കുന്നത്. ഏതു നിമിഷവും ഇത് നിലയ്ക്കാം. ഞങ്ങളുടെ തലമുറയോടെ ഹുക്കയെ കുറിച്ചുള്ള വിവരങ്ങള്‍ തന്നെ നഷ്ടപ്പെടാം. എങ്കിലും ചരിത്ര പുസ്തകങ്ങളില്‍ ഹുക്കയെപ്പറ്റി വായിച്ചറിഞ്ഞ് പലരും ഇവിടെ എത്താറുണ്ട്. പക്ഷേ, അവരാരും ഹുക്ക നിര്‍മ്മാണം പഠിക്കുവാന്‍ താല്പര്യപെടുന്നില്ല.
ഭാഗം രണ്ട്
സോന: കൊയിലാണ്ടി ആര്‍ട്ടിസാന്‍ സൊസൈറ്റിയുടെ ആരംഭം എങ്ങനെ? പ്രധാന ലക്ഷ്യങ്ങള്‍ എന്ത്?
രാംദാസ്: 1938 ല്‍ കൊയിലാണ്ടിയില്‍ സ്ഥാപിതമായ ഒരു സഹകരണസംഘമാണ് ആര്‍ട്ടിസാന്‍ സൊസൈറ്റി. ഹുക്കനിര്‍മ്മാണത്തെ പരിപോഷിപ്പിക്കാനും അതുവഴി കൂടുതലാളുകള്‍ക്ക് തൊഴില്‍ നല്‍കുവാനും വേണ്ടിയായിരുന്നു ആര്‍ട്ടിസാന്‍ സൊസൈറ്റി തുടങ്ങിയത്. 1992 ല്‍ ഓഫീസ് ഓഫ് ദി ഡെവലപ്മെന്‍റ് കമ്മീഷന്‍ ഹാന്‍ഡിക്രാഫ്റ്റ് (Office of the Development Commission Handicraft- DCH) കെട്ടിടവും സ്ഥലവും നല്‍കുവാന്‍ തീരുമാനിച്ചു. ക്രാഫ്റ്റ് ഡവലപ്മെന്‍റ് സെന്റര്‍ (Craft Development Center-CDC) എന്ന പദ്ധതിയിലൂടെ കൊയിലാണ്ടിയില്‍ സ്ഥലവും അവിടെ സ്ഥാപനം പ്രവര്‍ത്തിക്കുവാനുള്ള കെട്ടിടവും നിര്‍മ്മിച്ചു നല്‍കി. പിന്നീട് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കരകൗശല പ്രവര്‍ത്തങ്ങളെയും ഏകോപിപ്പിച്ച് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ഗവണ്‍മെന്‍റില്‍ നിന്നും കരകൗശല തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ്, വാര്‍ദ്ധക്യ പെന്‍ഷന്‍, തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠന സ്കോളര്‍ഷിപ്പുകള്‍ എന്നിവ നല്‍കുന്നതിനും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി മാറി.
കേരളത്തിലെ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റു രാജ്യങ്ങളില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടെന്നതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാതാക്കളുടെ കയ്യില്‍ നിന്നു വാങ്ങി അതിന്റെ വ്യാപാര സാധ്യത തുറന്നുകാട്ടുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. കരകൗശല നിര്‍മ്മാതാക്കള്‍ക്ക് ഉല്‍പ്പന്നത്തിനുള്ള കൃത്യമായ പണവും നല്‍കുന്നു. ഉല്പാദകരുടെയും ഉപഭോക്താക്കളുടെയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ് ഞങ്ങളുടെ ജോലി. ആര്‍ട്ടിസാന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരു കരകൗശലവിദഗ്ധനും അവരുടെ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിന് എല്ലാ സഹായവും ഞങ്ങള്‍ ചെയ്തു വരുന്നു.
സോന: കൊയിലാണ്ടിഹുക്കയുടെ ഇന്നത്തെ വിപണനമേഖലകള്‍ ഏതൊക്കെയാണ് ?
രാംദാസ്: വിദേശവ്യാപാരത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു കരകൗശല വസ്തുവാണ് ഹുക്ക. ആര്‍ട്ടിസാന്‍ സൊസൈറ്റിയുടെ ആരംഭത്തില്‍ ഹുക്കകള്‍ കയറ്റി അയച്ചിരുന്നുവെങ്കിലും ഇന്ന് അവ മറ്റുള്ള ചെറിയ വ്യാപാരികള്‍ക്ക് കൈമാറുകയും അവര്‍ വിദേശത്തേക്ക് കയറ്റി കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പ്രധാനമായും മൂന്നുതരത്തിലുള്ള വിപണന മേഖലകളാണ് കൊയിലാണ്ടി ഹുക്കയ്ക്കുള്ളത്. ഒന്ന് വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു, രണ്ട് കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന വലിയ ഷോപ്പുകളിലേക്ക് ഹുക്കകള്‍ നല്‍കുന്നു, മൂന്നാമത് ഇന്ത്യയിലെ വിവിധ ടൂറിസം മേഖലകളിലേക്ക് നിര്‍മ്മിച്ച് നല്‍കുന്നു. ഇന്ന് കൊയിലാണ്ടി ഹുക്കയ്ക്ക് കൂടുതല്‍ വിപണന സാധ്യതയുള്ളത് ഗള്‍ഫ് രാജ്യങ്ങളിലാണ്. അവിടെ മലബാര്‍ ഹുക്കകള്‍ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. മറ്റൊരു പ്രധാന കച്ചവടകേന്ദ്രം പാക്കിസ്ഥാനാണ്. പുറംനാടുകളില്‍ നിന്നു ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ചാണ് ഹുക്ക നിര്‍മ്മാണം. ഒറ്റ ഓര്‍ഡറില്‍ അന്‍പതില്‍ പരം ഹുക്കകള്‍ നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെടാറുണ്ട്. പുറം നാടുകളിലേക്ക് മാത്രമല്ല നമ്മുടെ ഇന്ത്യയിലെ തന്നെ വിവിധ വൈന്‍ പാര്‍ലറുകളിലേക്കും പബ്ബുകളിലേക്കും കൊയിലാണ്ടി ഹുക്ക വാങ്ങിക്കാറുണ്ട്. കേരളത്തില്‍ തന്നെ പലരും വലിക്കാനും കൗതുകത്തിനും കരകൗശലവസ്തു എന്ന നിലയിലും കൊയിലാണ്ടി ഹുക്ക വാങ്ങിക്കാറുണ്ട്. എന്നാല്‍ അവ എല്ലാം ഒന്നോ രണ്ടോ മാത്രം. അതില്‍കൂടുതല്‍ വിപണന സാധ്യതകള്‍ നമ്മുടെ നാട്ടില്‍ ഹുക്കയ്ക്ക് ലഭിക്കുന്നില്ല. കേരളത്തിലെ തന്നെ പല ഹാന്‍ഡിക്രാഫ്റ്റ് ഷോപ്പുകളില്‍ നിന്നും കൊയിലാണ്ടി ഹുക്കകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള വിപണ മേഖലകള്‍ മാത്രമേ ഹുക്കയ്ക്ക് ഇന്നുള്ളൂ.
സോന: മറ്റു ഹുക്കകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊയിലാണ്ടി ഹുക്കയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളതിനു കാരണം?
രാംദാസ്: നമ്മുടെ നാട്ടിലെ ഹുക്ക നിര്‍മ്മാണം പാരമ്പര്യമായി കൈവന്ന തൊഴിലാണ്. അവയ്ക്ക് അന്നത്തെ കാലത്തും വിപണനസാധ്യത വിദേശ രാജ്യങ്ങളിലായിരുന്നു. അവര്‍ കാലാകാലമായി കൊയിലാണ്ടി ഹുക്കകള്‍ വിശ്വസിച്ച് വാങ്ങിക്കുന്നു. കൊയിലാണ്ടി ഹുക്കള്‍ എന്നും കൂടുതല്‍ ഉറപ്പോടെ, ആവശ്യക്കാരുടെ ഉപയോഗത്തിനനുസരിച്ചാണ് നിര്‍മ്മിച്ചിരുന്നത്. ഈ വിശ്വാസ്യത ഇന്നും ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. പലനാടുകളില്‍ നിന്നും മലബാര്‍ഹുക്കകളെക്കുറിച്ചറിഞ്ഞ് ആളുകള്‍ വാങ്ങിക്കാനെത്തുന്നുണ്ട്. മാത്രമല്ല, കൊയിലാണ്ടി ഹുക്കയുടെ ഉള്ളില്‍ വെള്ളം നിറയ്ക്കാനുപയോഗിക്കുന്നത് തേങ്ങയുടെ ചിരട്ടകളാണ്. അവയ്ക്കുള്ളിലൂടെ വരുന്ന പുക കൂടുതല്‍ ലഹരിപിടിപ്പിക്കുന്നതാണ്. ഏറ്റവും പ്രധാനമായ കാര്യം ഹുക്കയുടെ രൂപഭംഗിയാണ്. നല്ല സ്വര്‍ണ്ണനിറത്തിലുള്ള ഹുക്കയുടെ പ്രതലങ്ങളില്‍ മനോഹരമായ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ഇതിനു പുറമെ തടിയില്‍ നിര്‍മിച്ച് പോളിഷ് ചെയ്‌തെടുക്കുന്ന ഹുക്കതണ്ട്, ഹുക്കക്കൂട്ട് നിറയ്ക്കുന്ന ചെമ്പുകൊണ്ടുള്ള കളിമണ്‍പാത്രങ്ങള്‍, പട്ടുപോലുള്ള തുണിയില്‍ പൊതിഞ്ഞ ഹുക്കയുടെ പൈപ്പുകള്‍ ഇവയൊക്കെ കാഴ്ചയില്‍ ഹുക്കയുടെ ആഡംബരം വര്‍ധിപ്പിക്കുന്നു. പുകവലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം എന്നതിലപ്പുറം പ്രത്യേകിച്ചൊരു മേന്മ അവകാശപ്പെടാത്തതും അധികകാലം ഈടുനില്‍ക്കാത്തതും ആണ് മറ്റുള്ള ഹുക്കകള്‍. അതാകാം കൊയിലാണ്ടി ഹുക്ക വാങ്ങാന്‍ കൂടുതല്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്നത്.
സോന: ഇന്ന് കൊയിലാണ്ടിയില്‍ എവിടെയെല്ലാം ഹുക്ക നിര്‍മ്മാണം നടക്കുന്നുണ്ട്?
രാംദാസ്: ആയിരത്തോളം ആളുകള്‍ ഉപജീവന്മാര്‍ഗമായി തിരഞ്ഞെടുത്ത മേഖലയായിരുന്നു ഹുക്കനിര്‍മ്മാണം. എന്നാല്‍ ഇന്ന് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഈ രംഗത്തുള്ളൂ. കൊയിലാണ്ടിയിലെ പാരമ്പര്യ ഹുക്ക നിര്‍മ്മാതാക്കളായ നാരായണന്‍, അദ്ദേഹത്തിന്‍റെ സഹോദരന്‍ വേലായുധന്‍ എന്നിവര്‍ ആര്‍ട്ടിസാന്‍ സൊസൈറ്റി വഴി വിപണനം ചെയ്യുന്നു. കൊയിലാണ്ടി പെരുവട്ടൂര്‍ എന്ന പ്രദേശത്തെ ബിന്ദു പ്രഭാകരന്‍, കന്നൂരിലെ ശശി, ദാമോദരന്‍ എന്നിവരും അവരുടെ വീടുകളില്‍ നിന്ന് തന്നെ ചെറിയ തോതില്‍ ഹുക്ക നിര്‍മ്മാണം നടത്തുന്നുണ്ട്. കൊയിലാണ്ടിയിലെ ഉരള്ളൂര്‍ പ്രദേശത്ത് താഹിര്‍ കുഞ്ഞമ്മുട്ടിയുടെ ക്യാപിറ്റല്‍ എക്സ്പോര്ട്സ് എന്ന കമ്പനി ഹുക്ക നിര്‍മ്മിക്കുകയും അത് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. അവിടെ അഞ്ചോ ആറോ ജോലിക്കാര്‍ ഈ തൊഴില്‍ പഠിച്ച് ഹുക്ക നിര്‍മ്മിച്ചു വരുന്നു.
സോന: ആര്‍ട്ടിസാന്‍ സൊസൈറ്റി എന്ന സ്ഥാപനം കൊയിലാണ്ടിഹുക്കയുടെ കാര്യത്തില്‍ ഏതൊക്കെ വിധത്തില്‍ സഹായകമാകുന്നുണ്ട്?
രാംദാസ്: മുന്‍പ് സൂചിപ്പിച്ചതുപോലെ ഹുക്കയുടെ മരത്തില്‍ നിര്‍മ്മിതമായ തണ്ടുകള്‍, ഹുക്ക പൈപ്പുകള്‍, കൂട്ടുകള്‍ നിറയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ ഞങ്ങളാണ് ഹുക്കയോട് ഘടിപ്പിക്കുന്നത്. ഹുക്കയുടെ മരത്തിന്‍റെ തണ്ട് ഞങ്ങള്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. അത് ഉരച്ച് പോളിഷ് ചെയ്ത് ഹുക്കയോട് ഘടിപ്പിക്കുന്നു. അതിനു ഞങ്ങള്‍ക്ക് ഇവിടെ തന്നെ ജോലിക്കാരുണ്ട്. ഹുക്ക പൈപ്പുകള്‍, കൂട്ട് നിറയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ പുറത്തു നിന്നു വാങ്ങിച്ച് ഹുക്കയോട് ഘടിപ്പിക്കുന്നു. ഇതൊക്കെ ഹുക്ക നിര്‍മ്മാതാക്കളുടെ ജോലിഭാരം കുറയ്ക്കുന്നു. വിദേശരാജ്യങ്ങളില്‍ ഹുക്കകളുടെ വിപണി കണ്ടെത്തി നല്‍കുന്നതാണ് മറ്റൊരു സഹായം. കയറ്റി അയക്കുന്ന ഹുക്കകള്‍ എല്ലാം തന്നെ കൃത്യമായി പരിശോധിച്ച് വളരെ സുരക്ഷിതമായി പാക്ക് ചെയ്താണ് വിപണിയില്‍ എത്തിക്കുന്നത്. ഇനി വിപണിയില്‍ എത്തിക്കുന്ന ഹുക്കകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അതു ഞങ്ങള്‍ തന്നെ തിരികെ വാങ്ങുന്നതാണ്. അതായത് അത് നിര്‍മ്മിച്ച പണം ഞങ്ങള്‍ ഹുക്ക നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നു, ഫലത്തില്‍ ഞങ്ങള്‍ക്ക് നഷ്ടം വരുന്നു. എങ്കിലും കരകൗശല നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനും അതിന്‍റെ വിപണനത്തിനും വേണ്ടി ഞങ്ങള്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യുന്നു. മാത്രമല്ല സര്‍ക്കാരില്‍ നിന്നും കരകൗശല തൊഴിലാളികളെയും കരകൗശലവിദ്യയേയും സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും പലതരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. അതിലെല്ലാം കൊയിലാണ്ടി ഹുക്ക നിര്‍മ്മാണത്തെയും ഞങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഇത്തരത്തില്‍ ഹുക്ക വ്യാപാരമേഖല അന്യം നിന്ന് പോവാതിരിക്കാന്‍ ഞങ്ങളാല്‍ കഴിയുന്ന എല്ലാ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. എങ്കിലും ഹുക്ക നിര്‍മ്മാണം നടത്തി കൊണ്ടുപോകാന്‍ ആരും ഇന്ന് മുന്നോട്ട് വരുന്നില്ല എന്നത് ഒരു വെല്ലുവിളിയാണ്.
സോന: കൊയിലാണ്ടിഹുക്കയുടെവ്യാപാരം എങ്ങനെ മെച്ചപ്പെടുത്താന്‍കഴിയും?
രാംദാസ്: കൊയിലാണ്ടി ഹുക്കയ്ക്ക് ജിയോഗ്രഫിക്കല്‍ ഇന്‍റിക്കേഷന്‍ രെജിസ്ട്രേഷന്‍ (Geographical Indication Registration - GIR) ഉണ്ട്. അതായത് ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് ഓഫ് ഗുഡ്സ് (രജിസ്ട്രേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ആക്റ്റ്, 1999 (ജിഐ ആക്റ്റ്) ഇന്ത്യയിലെ ഭൂമിശാസ്ത്രപരമായ സൂചനകള്‍ സംരക്ഷിക്കുന്നതിനായി പാര്‍ലമെന്‍റിന്‍റെ സ്വീഡന്‍ ജനറിസ് ആക്ടാണ്. അംഗീകൃത ഉപയോക്താക്കളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നത്തിന്‍റെ പേര്, സ്ഥലം എന്നിവ മറ്റൊരു ഉല്‍പ്പന്നത്തിനും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ജിഐ ടാഗ് ഉറപ്പാക്കുന്നു. ഇത്തരത്തില്‍ കൊയിലാണ്ടിഹുക്കകള്‍ ലോകത്ത് മറ്റൊരിടത്തും ഉല്പാദിപ്പിക്കുന്നില്ല എന്ന ഒരുറപ്പാണ് ജി ഐ ആര്‍ വഴി ലഭിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ ഹുക്ക വ്യാപാരം മെച്ചപ്പെട്ട രീതിയിലേക്ക് വരുന്നുണ്ടെങ്കിലും ആളുകള്‍ ഇതിനെ കുറിച്ചറിയുവാന്‍ താല്പര്യപെടുന്നില്ല എന്നതാണ് വസ്തുത.
സോന: ഇടനിലക്കാരാണ് കൊയിലാണ്ടി ഹുക്കയുടെ തകര്‍ച്ചക്ക് കാരണം എന്ന വാദത്തോട് യോജിക്കുന്നുണ്ടോ?
രാംദാസ്: ഈ വാദം ശരിയാണ്. ഇടനിലക്കാരുള്ളതിനാലാണ് ഹുക്ക നിര്‍മ്മാതാക്കള്‍ക്ക് ലാഭം ലഭിക്കാത്തത്. കാരണം ഹുക്ക നിര്‍മ്മാതാക്കള്‍ക്ക് വേണ്ടത്ര പണം നിര്‍മ്മാണവേളയില്‍ കൊടുക്കാന്‍ കഴിയുന്നില്ല മാത്രമല്ല അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനവ് അവരുടെ നിര്‍മ്മാണത്തെ തകര്‍ക്കുന്നു. എന്നാല്‍ മറുവശത്ത് ഹുക്കകള്‍ വിപണിയിലെത്തുമ്പോള്‍ അവ വലിയ വിലയില്‍ വില്‍ക്കുകയും ഹുക്ക നിര്‍മ്മാതാക്കളെക്കാള്‍ കൂടുതല്‍ ലാഭം ഇടനിലക്കാര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. അതായത് വില്‍ക്കുന്ന കമ്പനിക്കാണ് ലാഭം, നിര്‍മിതിക്കായി അധ്വാനിക്കുന്നവര്‍ക്ക് അല്ല. ഇതെല്ലാം പരിഹരിക്കുവാന്‍ സര്‍ക്കാരിന് കഴിയും, ഉദാഹരണത്തിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള കരകൗശല നിര്‍മ്മാതാക്കള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വിലക്കുറച്ച് നല്‍കുന്ന ഒരു സംവിധാനമുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെ ഒരു സഹായവും ലഭിക്കുന്നില്ല. മിനിസ്ട്രി ഓഫ് ടെക്‌സ്റ്റൈല്‍സിന്റെ കീഴിലാണ് കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വരുന്നത്. ആയതിനാല്‍ സ്റ്റേറ്റ് ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ പോലുള്ള ഗവണ്‍മെന്‍റ് എജന്‍സികള്‍ വഴി കരകൗശല നിമ്മാതാക്കള്‍ക്ക് അവ ഉല്‍പാദിപ്പിക്കുവാനുള്ള ഫണ്ട് തരികയും അതു വഴി തന്നെ വിപണി ഒരുക്കുകയും ചെയ്യുന്നത് ഹുക്ക നിര്‍മ്മാതാക്കള്‍ക്കും മറ്റുള്ള കരകൗശല നിര്‍മ്മാതാക്കള്‍ക്കും ഒരു സഹായമാകും. ഇതുവഴി കൂടുതലാളുകള്‍ക്ക് തൊഴില്‍ ലഭിയ്ക്കുകയും സഹകരണസംഘത്തിന് എന്തെങ്കിലും കൂടുതല്‍ അവര്‍ക്ക് ചെയ്തു കൊടുക്കുവാനും കഴിയും.