കേരളത്തിന്റെ ഗ്രാമീണ സംസ്‌കാരത്തിന്റെ പ്രതിരൂപങ്ങളായിരുന്നു നാടന്‍ കളികള്‍. നാടന്‍ കളികളില്‍ പലതിന്റെയും ആത്യന്തിക ലക്ഷ്യം വിജയികളെ നിശ്ചയിക്കുക എന്നതായിരുന്നില്ല. സമൂഹത്തിനുള്ളിലെ വിവിധതരം കൂട്ടായ്മകളില്‍ സവിശേഷമായ ഒന്നാണ് കളിക്കളത്തിലെ കൂട്ടായ്മ. സൃഷ്ടിപരവും ക്രിയാത്മകവുമായ അഭിരുചിയെ ഉണര്‍ത്തുന്നതും ഉയര്‍ത്തുന്നതുമായ നാടന്‍ കളികളും വിനോദങ്ങളും നമുക്കന്യമായിക്കൊണ്ടിരിക്കുന്നു. അത്തരത്തിലൊരു കേരളീയ തനത് ഗ്രാമീണ വിനോദമാണ് നാടന്‍ പന്തുകളി. വെട്ടുപന്തുകളി, തോല്‍പ്പന്തുകളി, കുറ്റിപ്പന്തുകളി, തലമകളി, തലപ്പത്തുകളി, ആട്ടകളി, കൊള്ളികളി, ചൊട്ടകളി എന്നിങ്ങനെ വിവിധ പേരുകളില്‍ ദേശഭേദങ്ങളോടെ കേരളത്തിലങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ടായിരുന്ന കായിക വിനോദമാണ് നാടന്‍ പന്തുകളി (Native ball game). കേരളീയ അയോധനകലയായ 'കളരി'യുടെ സ്വാധീനം നാടന്‍ പന്തുകളിയില്‍ പ്രകടമാണ്. ഒറ്റ, പെട്ട, പിടിയ, താളം, കീഴ്, ഇട്ടടി അഥവാ ഇണ്ടന്‍ എന്നിങ്ങനെ വിവിധങ്ങളായ എണ്ണങ്ങള്‍ കളരി മുറകളെ അനുസ്മരിപ്പിക്കുന്നതാണ്. വിനോദത്തോടെപ്പം ശാരീരികക്ഷമതയെ സംബന്ധിക്കുന്ന ആലോചനകളും ഈ വിനോദത്തിന് പിന്നിലുണ്ട്. ഇപ്പോഴും ജനപ്രിയമായി ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന നാടന്‍ പന്തുകളിയെ കേരളത്തിന്റെ ഔദ്യോഗിക കായികവിനോദമായി പരിഗണിക്കേണ്ടതുണ്ട്. നാടന്‍ പന്തുകളിയെ അടുത്തറിയാന്‍ സഹായിക്കുന്ന ചിത്രങ്ങളാണ് ഈ ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.



അനൂപ് കെ. ആര്‍. (Anoop K. R.)
മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കു കീഴില്‍ കോട്ടയം സി. എം. എസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മലയാള ഗവേഷണകേന്ദ്രത്തിലെ ഗവേഷണവിദ്യാര്‍ത്ഥിയാണ്. കോഴിക്കോട് സര്‍വ്വകലാശാല സംസ്കൃതവിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫസര്‍ പി. സി. വാസുദേവന്‍ ഇളയത് എന്‍ഡോവ്മെന്‍റ് പുരസ്‌കാരം 2019 ല്‍ ലഭിച്ചു. 'എസ്. കെ. പൊറ്റക്കാട്ട്: സാഹിത്യലോകത്തെ സഞ്ചാരി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് (ലിപി പബ്ലിക്കേഷന്‍, കോഴിക്കോട്, 2018). വിവിധ ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്കാരപഠനം, ചലച്ചിത്രം, ഫോക് ലോര്‍ എന്നിവയാണ് പ്രധാന പഠനമേഖലകള്‍.