തോല്‍പ്പാവക്കൂത്ത് കലാകാരന് കൂനത്തറ രാജീവ് പുലവരുമായി 2018 സെപ്റ്റംബര്‍ 5-ാം തീയ്യതി അദ്ദേഹത്തിന്‍റെ വസതിയില്‍ വച്ചു നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ ലിഖിതരൂപം.

പ്രസീത: പാവക്കൂത്തും നിഴല്ക്കൂത്തും കേരളത്തിലെ, ലോകത്തിലെ തന്നെ ഏറ്റവും പ്രാചീന കലാരൂപങ്ങളാണല്ലോ! കേരളത്തിന്റെ തനതുകലകളിലൊന്നായി തോല്പ്പാവക്കൂത്ത് വര്ത്തിക്കുന്നതെങ്ങനെ? ഒന്ന് വിശദീകരിക്കാമോ?
രാജീവ് പുലവര്‍: കേരളത്തിലുള്ള ഭദ്രകാളിക്കാവുകളിലാണ് തോല്പ്പാവക്കൂത്ത് അവതരിപ്പിച്ചുവരുന്നത്. കാര്യസാദ്ധ്യത്തിന് വഴിപാടായി കാവുകളില്‍ കൂത്ത് നടത്തലുണ്ട്. തമിഴ്നാട്ടിലും ലോകത്ത് പലയിടത്തും തന്നെ പാവക്കൂത്തുണ്ടെങ്കിലും കേരളത്തില്‍ മാത്രമാണ് അമ്പലങ്ങളിലെ അനുഷ്ഠാനത്തിന്റെ ഭാഗമായിട്ട്, പ്രത്യേകം കെട്ടിയുണ്ടാക്കിയ കൂത്തുമാടത്തില് പാവക്കൂത്ത് അവതരിപ്പിക്കുന്നത്. രാമായണകഥയാണ് തോല്പ്പാവക്കൂത്തിന് പറയുന്നത്. അതിനു പിന്നിലൊരു ഐതിഹ്യമുണ്ട്. കാളി-ദാരിക യുദ്ധം നടക്കുന്ന അതേ സമയത്താണ് രാമ-രാവണ യുദ്ധവും നടക്കുന്നത്. ദാരികവധം കഴിഞ്ഞ് ഭദ്രകാളി എത്തുന്ന സമയത്ത് സര്‍വചരാചരങ്ങളും താന്‍ ദാരികനെ വധിച്ചതല്ല, രാമ-രാവണ യുദ്ധത്തെയാണ് പ്രകീര്ത്തിച്ച് കേള്ക്കുന്നത്. എന്തുകൊണ്ടാണ് രാമ-രാവണയുദ്ധം ഇത്രകണ്ട് പ്രശസ്തിയാര്ജ്ജിച്ചത്! താനൊരു സ്ത്രീയാണ്, താനും ഒരു ദുഷ്ടനെ നിഗ്രഹം ചെയ്തിട്ടാണ് വരുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് രാമനെ ഇത്ര പ്രകീര്ത്തിക്കുന്നതെന്ന് ഭദ്രകാളി തന്റെ പിതാവായ പരമശിവനോട് സങ്കടം പറയാണ്. അപ്പോള്‍ പരമശിവന്‍ പറയാണ്- 'നീയും ചെയ്തത് യുദ്ധം തന്നെയാണ്. ഇല്ല്യാന്നൊന്നും പറയുന്നില്ല്യ. പക്ഷെ അപ്പുറത്ത് മനുഷ്യനും രാക്ഷസനും തമ്മിലാണ് യുദ്ധം നടന്നിരിക്കുന്നത്. സാധാരണ മനുഷ്യന്മാരുടെ രീതിയിലുള്ള യുദ്ധവും ജീവിതവുമാണ്. അത് തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാണ്. അതോണ്ട് അതിന് മഹത്വമേറും' എന്ന് പറഞ്ഞ് പരമശിവന്‍ കാളിയെ സമാധാനിപ്പിച്ചു. അപ്പോള്‍ ആ യുദ്ധം തനിക്ക് മാത്രം കാണാന്‍ പറ്റിയില്ലല്ലോ എന്നായി കാളിയുടെ ഖേദം. ഒരു കാര്യം സംഭവിച്ചു കഴിഞ്ഞു, ഇനിയത് ആവര്ത്തിക്കാന്ന് പറഞ്ഞാ ബുദ്ധിമുട്ടാണ്. എന്നാല്‍ നിഴല്‍നാടക രൂപത്തില്‍ സ്വന്തം ആസ്ഥാനത്ത് തന്നെയിരുന്ന് കാളിക്കത് കാണുമാറാകട്ടെ എന്ന് ശിവന്‍ അനുഗ്രഹിക്കുന്നു. അങ്ങിനെയാണ് ഭദ്രകാളിക്കാവുകളില്‍ തോല്‍പ്പാവക്കൂത്ത് തുടങ്ങിയത്.
പ്രസീത: ഈ പറഞ്ഞ ഐതിഹ്യം ഭദ്രകാളിക്കാവുകളുമായി ബന്ധപ്പെട്ടതാണ്. അനുഷ്ഠാനമെന്ന നിലയിലാണോ കാവുകളില്‍ തോല്‍പ്പാവക്കൂത്ത് അരങ്ങേറുന്നത്?
രാജീവ്: ഭദ്രകാളിക്കാവുകളില്‍ അനുഷ്ഠാനവും വഴിപാടുമായിട്ടാണ് കൂത്ത് നടത്തുന്നത്. ധനുമാസം 15 മുതല്‍ ഇടവമാസം 15 വരെ ഉത്സവത്തിന്റെ ഭാഗമായി, വര്ഷംതോറും മുടങ്ങാണ്ട് കൂത്ത് നടത്തുന്നു. കൂത്ത് കാണാന്‍ ഭദ്രകാളി എത്തുന്നുവെന്നാണ് സങ്കല്പ്പം. സന്ധ്യയ്ക്ക് ആറ് മണിയായാല്‍ അമ്പലത്തില്‍ കേളികൊട്ട് തുടങ്ങും. കേളികൊട്ട് കഴിഞ്ഞാല്‍ വെളിച്ചപ്പാടിന്‍റെ ക ല്‍പ്പനയായി. കൊട്ടും മേളവുമായി വെളിച്ചപ്പാട് തുള്ളിവന്ന് കൂത്തുമാടത്തെയും പുലവരെയും കാണികളെയും അരിയെറിഞ്ഞ് അനുഗ്രഹിക്കും. 'മാടപ്പുലവന്‍' കാവില്നിന്ന് വിളക്ക് കൊണ്ടുവരുന്ന ചടങ്ങുണ്ട്. കാളി കൂത്തുമാടത്തിലേക്ക് വരുന്നുവെന്നാണ് വിശ്വാസം. നിഴലുകള്‍ ഒരുക്കുന്നതിനായി, ഈ വിളക്കുപയോഗിച്ച് ശീലയ്ക്കു പിന്നിലെ ഇരുപത്തൊന്ന് വിളക്കുകളും തെളിയിക്കും. പതിനൊന്ന് നാളികേരം ഉടച്ച് രണ്ടാക്കി, അങ്ങിനെ ഇരുപത്തൊന്ന് വിളക്കുകള്‍ വയ്ക്കും. (Fig. 1) ഇന്ന് ഇത് ഏറെക്കുറെ ദേവപ്രീതിക്കായുള്ള വഴിപാടായിട്ടാണിരിക്കുന്നത്. അതതു ക്ഷേത്രത്തെയും ക്ഷേത്രക്കാര്യക്കാരെയും കാണികളെയും, ആഗ്രഹ സാഫല്യത്തിനും രോഗനിവാരണത്തിനും വേണ്ടി കൂത്തുചീട്ടാക്കിയ ഭക്തരെയും വാഴ്ത്തിയും അനുഗ്രഹിച്ചുമാണ് കൂത്ത് ആരംഭിക്കുന്നതുതന്നെ. പിന്നെ സദ്യവാഴ്ത്തലുമുണ്ട്. വഴിപാടുകാരന്‍ നേരത്തെ മാടത്തില്‍ വന്ന് പുലവരെ വിരുന്നിന് ക്ഷണിക്കുന്നു. കൂത്ത് പറഞ്ഞുതുടങ്ങുമ്പോള്‍ അയാളുടെ വിരുന്നിനെയും സദ്യയേയും വാഴ്ത്തുന്ന പതിവുമുണ്ട്. അതാണ് സദ്യവാഴ്ത്തല്‍.

പ്രസീത: തോല്പ്പാവക്കൂത്ത് എന്ന കലയ്ക്ക് അനുഷ്ഠാനമെന്നതിലുപരി സാമൂഹികമോ കലാപരമോ ആയ പ്രസക്തിയുണ്ടോ?
രാജീവ്: കൊയ്ത്തും മെതിയുമെല്ലാം കഴിഞ്ഞുള്ള വേനല്ക്കാലത്തെ ഒഴിവു സമയത്താണ് തോല്പ്പാവക്കൂത്തുകളുടെ അവതരണം. ഉഷ്ണമുള്ള വേനല്‍ക്കാല രാവുകളില്‍ അമ്പലപ്പറമ്പില്‍ വന്നിരുന്ന് കൂത്ത് കാണുന്ന സാധാരണക്കാരെ സംബന്ധിച്ച് പാവക്കൂത്ത് അന്നത്തെ പ്രധാന വിനോദോപാധിയായിരുന്നു. അതൊരു ഉത്സവപ്പറമ്പാണ്, എല്ലാവിഭാഗത്തിലുള്ള ആള്ക്കാരും കച്ചവടക്കാരുമെല്ലാം ഉണ്ടാകും. നമുക്കറിയാം കഥകളിയായാലും കൂടിയാട്ടമായാലും ഒരു സമുദായ മേല്ക്കോയ്മ ഉണ്ടായിരുന്നു. അപ്പോള്‍ ഉയര്‍ന്ന വിഭാഗക്കാര്‍ക്ക്, സവര്ണര്ക്ക് മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതൊരിക്കലും പാവക്കൂത്തിനുണ്ടായിരുന്നില്ല. തോല്പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത് ക്ഷേത്രത്തിന്റെ വെളിമ്പ്രദേശത്ത് ഉയര്‍ത്തിക്കെട്ടിയ കൂത്തുമാടങ്ങളില്‍ എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന രീതിയിലാണ്. ഭാഷയുമതേ, സംസ്കൃതത്തിലെ രാമായണം, വാല്മീകിരാമായണവുമൊക്കെ ഉണ്ടായിട്ടും ചെന്തമിഴിലുള്ള കമ്പരാമായണമാണ് കൂത്തിനെടുത്തിരിക്കുന്നത്. വളരെ ലളിതമായ ഭാഷയില്‍ ജനകീയമായിട്ടാണ് ഇതിന്‍റെ അവതരണം.
പ്രസീത: തോല്പ്പാവക്കൂത്തിന്റെ അവതരണത്തിന് കമ്പരാമായണത്തെ ആധാരമാക്കുന്നതിന് പ്രത്യേകിച്ച് കാരണം വല്ലതും ഉണ്ടോ?
രാജീവ്: കൂത്തിന് കമ്പരാമായണം ആധാരമാക്കുന്നതിന് ഒരു ഐതിഹ്യവും പറയപ്പെടുന്നുണ്ട്. ചോളരാജാവ് തന്റെ സദസ്യരായ കമ്പരോടും ഓട്ടക്കൂത്തരോടും രാമായണകഥയെഴുതാന്‍ ആവശ്യപ്പെട്ടത്രേ. ഒന്നും എഴുതാന്‍ പറ്റാണ്ടിരുന്ന കമ്പര്‍, അവസാനദിവസം ڇഎഴുതി മുടിഞ്ചിതേ കമ്പാڈ എന്ന ദേവിയുടെ അശരീരി കേള്ക്കുകയും പന്തീരായിരം ശ്ലോകങ്ങളുള്ള രാമായണം എഴുതി പൂര്ത്തിയായിരിക്കുന്നതായി കാണുകയും ചെയ്തുവെന്നാണ് കഥ. കമ്പര്‍ ശിവന്‍റെ അവതാരമാണെന്ന ഒരു വിശ്വാസവുമുണ്ട്. അങ്ങിനെ ശിവന്‍ തന്നെ എഴുതിയ ഗ്രന്ഥമായിട്ടാണ് കമ്പരാമായണം അറിയപ്പെടുന്നത്. ശിവന്റെ ആശിസ്സുപ്രകാരമാണല്ലോ തോല്പ്പാവക്കൂത്ത് അവതരിപ്പിച്ചു തുടങ്ങിയത് തന്നെ. അതോണ്ടാകാം കമ്പരാമായണം ഉപയോഗിക്കണത്.
പ്രസീത: കമ്പരാമായണം ഒരു തമിഴ് ഗ്രന്ഥമാണല്ലോ! കൂത്തിന്റെ ആഖ്യാനത്തിന് ഭാഷാപരമായ സവിശേഷതകള്‍ എന്താണ്?
രാജീവ്: സംസ്കൃതത്തിന് പകരം സാധാരണക്കാര്ക്ക് മനസ്സിലാകുന്ന ചെന്തമിഴ് ഭാഷയാണ് ഇതിലുപയോഗിക്കണത്. സംസ്കൃതവും തമിഴും മലയാളവും കലര്ത്തിയാണ് ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്നതും കൂത്ത് പറയുന്നവരുടെ സംവാദവും. പണ്ഡിതരും പാമരരുമായ കാണികള്ക്ക് ഒരേപോലെ ആസ്വദിക്കാന്‍ പറ്റും.
കമ്പകടകരിമുഖവാഗണപതി
കഖാ..ഗഘങാ....
ചന്തതിലകിയേ കുമ്പിട്ടുളറിയ
ചഛ...ജഝഞാ...
തെയ്തെയ്യ്
അയ്യോടവില്ഇവയപ്പം തരുവേ
ടഠാ..ഡഢണാ...
ഈ ഗണപതിസ്തുതിയൊക്കെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും കൂത്തിന്‍റെ ഭാഷ സംസ്കൃതവും മലയാളവും തമിഴുമൊക്കെ കലര്ത്തി എല്ലാ തരത്തിലുള്ള ആള്ക്കാര്ക്കും ആസ്വദിക്കാവുന്ന തരത്തിലാണെന്ന്.
പ്രസീത: 12000-ത്തില്‍ പരം ശ്ലോകങ്ങളുള്ള ഒരു ഗ്രന്ഥമാണ് കമ്പരാമായണം. തോല്‍പ്പാവക്കൂത്തിന് ഈ ഗ്രന്ഥത്തെ എപ്രകാരമാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?
രാജീവ്: 21, 14, 7 എന്നിങ്ങനെയുള്ള ദിവസക്കണക്കാണ് പൊതുവെ നിഴല്ക്കൂത്തിന്റെ അവതരണത്തിന് സ്വീകരിക്കണത്. രാമായണ പാഠത്തെ പത്തില്‍ മൂന്നെന്ന നിലയില്‍ ചുരുക്കിയിട്ടാണ് അവതരണം. അതായത് 10 ശ്ലോകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട 3 ശ്ലോകങ്ങള്‍ എന്ന കണക്കിന് തെരഞ്ഞെടുത്തിട്ടാണ് കഥ ചുരുക്കുന്നത്. ഓരോ അമ്പലത്തിലും വ്യത്യാസമുണ്ട്. ഇന്ന് ചിട്ടപ്രകാരം 21 ദിവസം നീളുന്ന അവതരണം കവളപ്പാറയിലെ ആര്യങ്കാവ് ക്ഷേത്രം പോലെ ചില അമ്പലങ്ങളിലേ നടത്തുന്നുള്ളൂ. ദിവസങ്ങളുടെ എണ്ണം കുറയുന്നതിനനുസരിച്ച് കഥയും ചുരു. (Fig. 2) ലോകത്തെല്ലായിടത്തും പാവകളിയുണ്ടെങ്കിലും കേരളത്തില്‍ മാത്രമാണ് പാവക്കൂത്തിന് കൂത്തുമാടം എന്ന ഒരു സ്ഥിരം വേദിയുള്ളത്. നാല്പത്തിരണ്ടീരടി കളരി എന്നാണ് പറയുക. 42 അടി നീളവും 20 അടി വീതിയും 6 അടി ഉയരവുമാണ് കൂത്തുമാടത്തിന് ശരിക്കും പറയുന്ന കണക്ക്. കവളപ്പാറ ആര്യങ്കാവിലെ കൂത്തുമാടം ഈ അളവിലുള്ളതാണ്. ചിലയിടത്തൊക്കെ ചെറിയ കൂത്തുമാടങ്ങളാവും. ചില അമ്പലങ്ങളില്‍ തല്‍കാലത്തേക്ക് കെട്ടിയുണ്ടാക്കിയതാവും. മാടത്തിന് മുന്വശത്ത് തൂക്കുന്ന തിരശ്ശീലയുടെ വെളുത്ത മുകള്ഭാഗത്തിന് 'ആയപ്പുടവ' എന്നും അടിവശത്തെ കറുത്തഭാഗത്തിന് വിരിയെന്നുമാണ് പറയുക. കറുത്തഭാഗം പാതാളവും വെളുത്ത ഭാഗം ഭൂമിയുമെന്നാണ് സങ്കല്പം. കൂത്തിന്റെ പ്രധാന നടത്തിപ്പുകാരനായ മാടപ്പുലവനാണ് കൂത്തുമാടത്തില്‍ വിളക്ക് തെളിയിക്കാനുള്ള അവകാശം. ഓരോ അടി വീതം അകലത്തില്‍ 21 എണ്ണ വിളക്കുകളുണ്ടാവും

പ്രസീത: ചാക്യാര്‍, നങ്ങ്യാര്‍, മാരാര്‍, നമ്പ്യാര്‍ എന്നതുപോലെ ഒരു നിര്ദിഷ്ടസമുദായവുമായി ബന്ധപ്പെട്ടാണോ തോല്പ്പാവക്കൂത്ത് എന്ന കലാരൂപം അവതരിപ്പിക്കപ്പെടുന്നതും തലമുറകളിലൂടെ വികസിക്കുന്നതും? പുലവര്‍ അത്തരത്തില്‍ സമുദായ നാമമാണോ?
രാജീവ്: പുലവരെന്നാല്‍ പണ്ഡിതന്‍. സമുദായപ്പേരല്ല. കമ്പരുടെ പിന്‍മുറക്കാര്‍ എന്ന് പറയുന്ന ശൈവവെള്ളാളരാണ് പ്രധാനമായും കൂത്ത് അവതരിപ്പിക്കുക. ഞങ്ങളൊക്കെ ആ സമുദായത്തില്‍പെട്ടവരാണ്. നായര്‍ സമുദായത്തിലുള്ളവരുമുണ്ട്. അങ്ങിനെ ഇന്ന സമുദായമേ പാടുള്ളൂ എന്നില്ല. എന്നാലും താഴ്ന്ന ജാതിക്കാരില്ല്യ.
പ്രസീത: കൂത്ത് കലാകാരന്‍മാര്‍ കല അഭ്യസിക്കുന്നത് എപ്രകാരമാണ്? അഭ്യാസത്തിന് കൃത്യമായ കാലയളവോ പാഠ്യരീതിയോ ഉണ്ടോ?
രാജീവ്: അങ്ങിനെ കൃത്യമായ കാലയളവൊന്നൂല്ല്യ. കാലം ചെല്ലുന്തോറും പാണ്ഡിത്യം കൂടും. എന്നാല്‍ അഞ്ച് ശ്ലോകങ്ങള്‍ ഒരു ദിവസമെന്ന കണക്കില്‍ നാല് വയസ്സ് മുതല്‍ ആടല്‍പ്പാട്ട് പഠിച്ച് തുടങ്ങും. ശ്ലോകങ്ങളെല്ലാം പഠിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്‍റെ അര്ത്ഥവും വ്യഖ്യാനവുമൊക്കെയാണ് പഠിക്കുക. അഭ്യാസവും പരിചയവും തന്നെയാണ് പ്രധാനം. ഞാനിപ്പോള്‍ ഒമ്പതാമത്തെ തലമുറയാണ്. ചെറുപ്പം മുതലേ മുത്തച്ഛന്റെയും അച്ഛന്റെയുമെല്ലാം കൂടെ പോകും. ഇന്നിപ്പോള്‍ വീട്ടില്‍ തോല്‍പ്പാവക്കൂത്തും പാവനിര്‍മ്മാണവുമൊക്കെ പഠിക്കാനാഗ്രഹിച്ച് ചിലരൊക്കെ വരുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇത് പരമ്പരാഗതമായി പഠിച്ചുവരണതാണ്.
പ്രസീത: സ്ത്രീകള്‍ അഭ്യസിക്കുന്നുണ്ടോ? തോല്‍പ്പാവക്കൂത്തില്‍ കലാകാരികളുടെ പങ്കാളിത്തം എപ്രകാരമാണ്?
രാജീവ്: ഇന്ന് പെണ്‍കുട്ടികളൊക്കെ പഠിക്കാന്‍ വരണുണ്ട്. എന്‍റെ സഹോദരിയും അമ്മയും പല പരിപാടികള്ക്കും ഉണ്ടാവാറുമുണ്ട്. എന്നാല്‍ അമ്പലത്തിലെ കൂത്തുമാടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പാടില്ല്യാന്നാണ്. മാടപ്പുലവന്‍ വിളക്ക് കൊളുത്തി, കോമരം വന്ന് അനുഗ്രഹിച്ചു കഴിഞ്ഞാല്‍ പിന്നെ ക്ഷേത്രത്തിലല്ല, കൂത്തുമാടത്തിലാണ് ദേവിയുടെസ്ഥാനം. അമ്പലത്തിലെ പൂജാവിധികള്ക്ക് തുല്യമാണ് കൂത്ത് എന്നാണ് കരുതണത്. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുള്ളപോലെ തന്നെയാണ് കൂത്തുമാടത്തിലും. കൂത്ത് അവതരിപ്പിക്കുന്ന പുലവന്മാരും വാദ്യക്കാരുമല്ലാതെ ആരും കൂത്തുമാടത്തില്‍ പ്രവേശിക്കാന്‍ പാടില്ല്യാന്നാണ് നിയമം.
പ്രസീത: കൂത്തിന് ഉപയോഗിക്കുന്ന പാവകളുടെ സവിശേഷത എന്താണ്?
രാജീവ്: ആദ്യകാലത്ത് ഓലപ്പാവകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് മാന്തോലു കൊണ്ടുള്ള പാവകളായി. ഇപ്പോള്‍ ആട്ടിന്‍തോലോ കാളത്തോലോ ആണ് പൊതുവെ ഉപയോഗിക്കണത്. ഫൈബറിന്‍റെ പാവകള്‍ വരെ ഉപയോഗിക്കുന്ന തലമുറ ഇപ്പോളുണ്ട്. മാന്‍തോലാണ് കൂടുതല്‍ ഈടുനില്‍ക്കുക. ഭംഗിയും കൂടുതല്‍ അതിനു തന്നെയാണ്. ഇപ്പോള്‍ ഞങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നത് കാളത്തോലാണ്.
പ്രസീത: കഥാപാത്രങ്ങളെ വേര്തിരിച്ചറിയാനാവുമോ- അതായത് വാനരരായ ബാലി, സൂഗ്രീവന്‍, ഹനുമാന്‍ എന്നിവരെ കൂടിയാട്ടത്തിലും മറ്റും താടിയുടെ നിറഭേദങ്ങള്‍ കൊണ്ട് അറിയാനാകുന്നപോലെ എന്തെങ്കിലും സൂചനകളോ ചിഹ്നങ്ങളോ പാവകള്ക്കുണ്ടോ? രാമലക്ഷ്മണന്‍മാര്‍, സീതാമണ്ഡോദരിമാര്‍ തുടങ്ങിയ ഒരേരംഗത്ത് ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന സമാനകഥാപാത്രങ്ങള്‍ എപ്രകാരമാണ് വ്യതിരിക്തമാകുക?
രാജീവ്: ഓരോ കഥാപാത്രത്തിനുമുള്ള പാവകളെ വെവ്വേറെ തിരിച്ചറിയാം. ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങള്‍ ഉണ്ട്. രാമനെ നീലശ്യാമളകോമള വര്ണ്ണനെന്നാണ് വിശേഷിപ്പിക്കുന്നത്. രാമന്റെ പാവ നീലവര്ണത്തിലാണ്. അതുപോലെ തന്നെ ചെന്താമരാക്ഷനാണ് രാമന്‍. അതിനെ കുറിക്കാന്‍ കഴുത്തിലണിയുന്ന പൂമാലയുടെ രണ്ടറ്റങ്ങളിലും താമര കൊത്തിയിരിക്കും. രാക്ഷസകഥാപാത്രങ്ങള്ക്ക് അറ്റം ഉയര്ന്ന, നീണ്ട മൂക്കാണ് ഒരു ലക്ഷണം. അതില്‍ മണ്ഡോദരിയെ രാക്ഷസലക്ഷണത്തിലല്ല കാണിക്കുന്നത്. അശോകവനത്തിലാണ് സീതയും മണ്ഡോദരിയും ഒരുമിച്ച് രംഗത്ത് വരുന്നത്. സീതയ്ക്ക് മൂക്കുത്തിയുണ്ട്, മണ്ഡോദരിക്കതില്ല. അങ്ങിനെ ആഭരണങ്ങളിലും മറ്റ് അലങ്കാരപണികളിലും പാവകള്ക്ക് വ്യത്യാസങ്ങളുണ്ട്. ബാലിസുഗ്രീവന്മാരുടെയും ഹനുമാന്റെയും പാവകള്ക്ക് നിറത്തിലും താടിയുടെ ആകൃതിയിലുമാണ് വ്യത്യാസമുള്ളത്. ബാലിയുടേത് ഉരുണ്ട താടിയും സുഗ്രീവന്റേത് നീണ്ട താടിയുമാണ്. പിന്നെ സംഭാഷണത്തില്‍ നിന്നും അതിനനുസരിച്ചുള്ള പാവയുടെ ചലനത്തില്‍ നിന്നും ഏത് കഥാപാത്രമാണെന്ന് മനസ്സിലാക്കാന്‍ പറ്റൂലോ.
പ്രസീത: തോല്‍പ്പാവക്കൂത്തിലെ പട്ടര്‍ കഥാപാത്രങ്ങളുടെ അല്ലെങ്കില്‍ പട്ടര്‍ പാവകളുടെ പ്രാധാന്യമെന്താണ്?
രാജീവ്: പാവക്കൂത്ത് തുടങ്ങുന്നതും പൂര്ണ്ണതയിലേക്ക് എത്തുന്നതും പട്ടര്പ്പാവകളിയിലൂടെയാണ്. പണ്ടുകാലത്ത് ഏറ്റവും വലിയ വിഭാഗക്കാരായിരുന്നു പട്ടര്‍ സമുദായം. സര്‍വ്വജ്ഞാനവുമുള്ളവരായി കണക്കാക്കപ്പെട്ടിരുന്ന വിഭാഗക്കാരാണ്. എല്ലാം പഠിക്കാനും അറിയാനും സാഹചര്യം ഉണ്ടായിരുന്നവര്‍. ഈ വിഭാഗക്കാര്‍ വന്ന് നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്ക്ക് കഥപറഞ്ഞുകൊടുക്കുകയാണ്. മൂത്തപട്ടര്‍, ഗംഗയാടിപട്ടര്‍, മല്ലീശപട്ടര്‍, ശോമാശുപട്ടര്‍ (ശോമയാരിപട്ടര്‍) എന്നിങ്ങനെ നാല് പട്ടര്പാവകാണുള്ളത്. നാല് പട്ടര്പാവകളും ഇന്ത്യയുടെ നാനാഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണ്. ഓലക്കുടപിടിച്ചിരിക്കുന്ന പാവയാണ് മൂത്തപട്ടര്‍, അദ്ദേഹമാണ് മുതിര്ന്ന കാരണവര്‍- പട്ടര്‍ വിഭാഗത്തിലെ ഏറ്റവും മുന്പന്തിയിലുള്ള ആള്‍. വിശറി പിടിച്ചിരിക്കുന്ന ശോമാശുപട്ടര്‍ ഉഷ്ണമേഖലാപ്രദേശത്തെയും ഗംഗാജലമേന്തുന്ന ഗംഗയാടിപട്ടര്‍ ഗംഗാനദിയൊഴുകുന്ന പ്രദേശത്തെയും കാവടി പിടിച്ചിരിക്കുന്ന മല്ലീശപട്ടര്‍ ഇന്ത്യയുടെ തെക്ക് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു. പാവക്കൂത്ത് തുടങ്ങുമ്പോള്‍ ഗണപതി തുടങ്ങിയ ദേവകളെയും ഗുരുക്കന്മാരെയും പാവക്കൂത്ത് നടത്തുന്ന ക്ഷേത്രദേവത, ഭാരവാഹികള്‍, മാടപ്പുലവര്‍ തുടങ്ങിയ സര്‍വതിനെയും പ്രകീര്‍ത്തിക്കുന്നത് ഈ പട്ടര്‍പാവകളാണ്. പട്ടര്പാവകളിയുടെ അവസാനം അന്നേ ദിവസം പറയാന്‍ പോകുന്ന കഥ ഏതാണെന്നും തലേദിവസം പറഞ്ഞുനിര്ത്തിയത് എവിടെയാണെന്നും അടുത്തദിവസത്തെ ഭാഗം ഏതാണെന്നും സൂചിപ്പിക്കുന്നു. അങ്ങിനെ തലേദിവസം ഇല്ലാതിരുന്നവര്ക്കും കഥ എന്താണെന്നറിയാന്‍ പറ്റും.. ഇങ്ങനെ കാണികളെ കഥയിലേക്ക് കൊണ്ടുപോകണത് പട്ടര്പാവകളാണ്.
പ്രസീത: ആട്ടപ്രകാരം പോലെ ഏതെങ്കിലും നിര്‍ദ്ദിഷ്ട ഗ്രന്ഥങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശകങ്ങളായിട്ടുണ്ടോ?
രാജീവ്: പരമ്പരാഗതമായി പാടിപ്പഠിപ്പിച്ചു വരുന്ന ശ്ലോകങ്ങളാണ് കൂത്തിന്റെ അവതരണത്തിന് ഉപയോഗിക്കുന്നത്. ഞാന്‍ എന്‍റെ അച്ഛനില്‍ നിന്ന് അച്ഛനായ രാമചന്ദ്രപുലവര്‍ അദ്ദേഹത്തിന്‍റെ അച്ഛനില്‍ നിന്ന് അതായത് എന്‍റെ മുത്തച്ഛനില്‍ നിന്ന് ശ്ലോകങ്ങള്‍ കേട്ടു പഠിക്കുകയാണ് ചെയ്തിട്ടുള്ളത്. അവ എഴുതിസൂക്ഷിച്ച പ്രാചീനമായ താളിയോലകള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. കമ്പരാമായണത്തെ മൂന്നില്‍ ഒന്നായി ചുരുക്കി, അവതരണത്തിന് ചിട്ടപ്പെടുത്തിയിരിക്കുന്ന ആടല്പ്പാട്ട് എന്ന ഗ്രന്ഥമാണ് കൂത്ത് അവതരിപ്പിക്കാന്‍ ഉപയോഗിക്കണത്. ഈ ആടല്‍പ്പാട്ടാണ് ഞങ്ങള്‍ പഠിക്കുന്നത്.
പ്രസീത: ആധാരഗ്രന്ഥമായ കമ്പരാമായണത്തില്‍ നിന്ന് അവതരണത്തിനുള്ള പ്രധാനമാറ്റങ്ങള്‍ എന്തൊക്കെയാണ്?
രാജീവ്: ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ ആറു കാണ്ഡങ്ങളിലെ കഥയാണ് തോല്പ്പാവക്കൂത്തിലുള്ളത്. സീതാപഹരണം വരെയുള്ളത് ചുരുക്കിയും തുടര്ന്ന് പട്ടാഭിഷേകം വരെയുള്ളത് വിസ്തരിച്ചുമാണ് കൂത്തില്‍ അവതരിപ്പിക്കണത്. ഗണപതിയെ വന്ദിച്ചു കൊണ്ടാണ് കൂത്ത് തുടങ്ങുക. അതുകഴിഞ്ഞ്, തലേദിവസം എന്തവതരിപ്പിച്ചു എന്ന് ചുരുക്കിപ്പറഞ്ഞിട്ട് അന്നത്തെ കഥയിലേക്ക് കടക്കും. അടുത്ത ദിവസമെന്തെന്ന് പറഞ്ഞുവച്ചിട്ടാണ് അവസാനിപ്പിക്കുക. ആഖ്യാനവും വ്യാഖ്യാനവും പാവകളിയും ഒക്കെ ചേര്ന്നതാണ് തോല്പ്പാവക്കൂത്ത്. രാമായണകഥ പറയുക എന്നതുമാത്രമല്ല കൂത്തിലുള്ളത്. തത്വചിന്തയും ശാസ്ത്രവും ഒരു രാജാവ് എങ്ങിനെയായിരിക്കണമെന്നുമൊക്കെയുള്ള പല കാര്യങ്ങളും കൂത്തില്‍ പറയും. കൂത്ത് പറയുന്നവര്‍ അങ്ങിനെ പല വാദപ്രതിവാദങ്ങളും നടത്തും. അതിനനുസരിച്ച് കമ്പരാമായണത്തിന് പല വ്യത്യാസങ്ങളും വരും. കവിവാക്യങ്ങളേക്കാള്‍ പുലവരുടെ സംഭാഷണമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. മൂത്തപട്ടര്‍, ശോമാശുപട്ടര്‍, ഗംഗയാടിപട്ടര്‍, മല്ലീശപട്ടര്‍ എന്നീ പാവകളുടെ 'പട്ടര്‍ പാവകളി'യിലൂടെയാണ് തോല്പ്പാവക്കൂത്ത് തുടങ്ങുന്നത്. ഈ കഥാപാത്രങ്ങളൊന്നും കമ്പരാമായണത്തിലില്ലല്ലോ.
ഹരി ഹരി ഗോവിന്ദ ഗോവിന്ദ രാമജയമുണ്ടായിരിക്കേ
രാമജയമുണ്ടായിരിക്കേ
രാമനുക്ക ജയമിരുന്താല്‍ നമുക്കും ജയമേ തപ്പാതു
തപ്പാതു തപ്പാതു..
മല്ലിക പട്ടരു വന്തീരോ
വന്തേം വന്തേം
മൂത്ത പട്ടരേ നീരു വന്തീരോ
വന്തോം വന്തോം
യാതു പേര്കളും വനതു ചേര്‍ന്തുകൊണ്ടാം...
ആനാല്‍ അതിലെ ഗോവിന്ദ നാമത്തിനുടയ
പെരുമയെപ്പടിയെന്റാല്
എപ്പടിയെപ്പടി
ഇങ്ങനെ വിഷ്ണുവിന്റെ അവതാരമായ രാമന്റെ പെരുമ പറഞ്ഞ്, പുലവര്‍ തന്നെ കഥാപാത്രങ്ങളായി മാറും. പിന്നെ രാമപ്പുലവരും ലക്ഷ്മണപ്പുലവരുമെല്ലാമാണ്. കഥ പറയുന്ന കലാകാരന്‍ തന്നെയാണ് കഥാപാത്രം. അയാള് വിശദീകരിക്കുന്നതാണ് കഥയും അര്ത്ഥവുമൊക്കെ. കമ്പരാമായണത്തിലില്ലാത്ത രാവണന്റെ ചാരനായ കുടക്കാരന്‍ തോല്‍പ്പാവക്കൂത്തിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ള വിദൂഷകകഥാപാത്രമാണ്.
പ്രസീത: വാല്മീകി രാമായണത്തെയാണ് കമ്പരാമായണം അനുവര്ത്തിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അദ്ധ്യാത്മരാമായണത്തിലെ പോലെ ശിവപാര്‍വതീ സംവാദരൂപത്തില്‍ വൈഷ്ണവാവതാരമായ രാമന്‍റെ കഥയാണ് കമ്പര്‍ ആഖ്യാനം ചെയ്തിരിക്കുന്നത്. രാമനെ വിഷ്ണുവിന്റെ അവതാരമായിട്ടാണോ കൂത്തിലും പറയുന്നത്?
രാജീവ്: അതെ, രാമനെ വിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ ഒന്നായി തന്നെയാണ് പറയണത്. രാമനെ സ്തുതിക്കുകയും രാമന് ജയം പാടുകയും ചെയ്യുന്ന അനേകം ശ്ലോകങ്ങള്‍ കൂത്തിലുണ്ട്.
പ്രസീത: മലയാളികള്ക്ക് സുപരിചിതമായ രാമായണം എഴുത്തച്ഛന്റെ കിളിപ്പാട്ടാണ്. അതിനും മുമ്പ് തന്നെ കമ്പരാമായണം കേരളത്തില്‍ പ്രചരിച്ചിരുന്നതിന് തോല്‍പ്പാവക്കൂത്ത് തെളിവാണ് അല്ലേ?
രാജീവ്: അതേ. കമ്പന്‍ ജനിച്ചത് എട്ടാം നൂറ്റാണ്ടിലാണെന്ന് പറയുന്നു. ചിലര്‍ പറയണത് പന്ത്രണ്ടാം നൂറ്റാണ്ടിലാണെന്നാണ്. ഇതില്‍ കമ്പരുടെ കാലത്തിന്‍റെ കാര്യത്തില്‍ നിശ്ചയമുണ്ടായാല്‍ അത്രതന്നെയാണ് കമ്പരാമായണത്തിന്‍റെയും പഴക്കം. ഞങ്ങളുടെ ഗവേഷണത്തില്‍ ഈ കലയ്ക്ക് ഏതാണ്ട് 600 വര്ഷത്തെ പഴക്കമുണ്ട്. ഞങ്ങളുടെ വീട്ടില്‍ 500 വര്ഷത്തോളം പഴക്കമുള്ള പാവകളുണ്ട്. പിന്നെ ഇതിന്റെ ഭാഷ തമിഴ് കലര്ന്നതാണല്ലോ. അത് പണ്ടുകാലത്ത് സാധാരണക്കാര്‍ സംസാരിച്ചിരുന്ന ഭാഷയാണ് എന്ന് പറയുമ്പോള്‍ അത്രയും തന്നെ പഴക്കം കൂത്തിനുമുണ്ട്.
പ്രസീത: എഴുത്തച്ഛന്‍റെ കിളിപ്പാട്ടില്‍ രാവണനെ അവതരിപ്പിച്ചിരിക്കുന്നത് രാമന്റെ കൈകൊണ്ട് മരണം വരിച്ച് മോക്ഷം നേടാന്‍ കാത്തിരിക്കുന്ന ഭക്തനായിട്ടാണ്. അത്തരത്തിലൊരു വിപരീതഭക്തി ഇതിലുണ്ടോ?
രാജീവ്: ഇല്ല. കമ്പരാമായണത്തില്‍ രാവണനെക്കുറിച്ചുള്ള കഥ വേറെ തരത്തിലാണ്. വിഷ്ണുവിന്‍റെ ദ്വാരപാലകര്‍ ശപിക്കപ്പെട്ടാണ് രാവണകുംഭകര്‍ണ്ണന്മാരായി ജന്മമെടുക്കുന്നത്. ഭഗവാന്‍ ചോദിക്കും, ഏഴുവര്‍ഷം ഭഗവാനെ പിരിഞ്ഞിരിക്കണോ അതോ മൂന്നുവര്ഷം ശത്രുക്കളായിരിക്കണോ എന്ന്. ഏഴുവര്ഷം പിരിഞ്ഞിരിക്കാനാവില്ലെന്നും പകരം മൂന്നുവര്ഷം ശത്രുക്കളായിരിക്കാമെന്നും പറഞ്ഞ് ലങ്കയില്‍ രാവണനും കുംഭകര്‍ണ്ണനുമായി ജനിക്കുന്നു. അവസാന നിമിഷം സ്വരൂപം തിരിച്ചറിയാന്‍ രാമന്‍, രാവണന് നേരെ അസ്ത്രമയയ്ക്കുമ്പോള്‍ മാത്രമാണ് രാവണന് രാമനോട് ഭക്തിയുണ്ടാവുന്നത്. അപ്പോള്‍ രാവണന്‍ രാമനെ നമസ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. എഴുത്തച്ഛന്റെ രാവണന് ഉണ്ടായിരുന്ന പോലെയുള്ള രാമഭക്തിയല്ല ഇതില്‍.
പ്രസീത: രാമനെ വിമര്‍ശിക്കുന്ന തരത്തില്‍ എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉണ്ടോ?
രാജീവ്: അങ്ങിനെ രാമനെ വിമര്ശിക്കുന്നൊന്നുമില്ല. രാമനെ വിമര്ശിക്കുന്നത് ഉത്തരരാമായണത്തിലാണ്. പട്ടാഭിഷേകം വരയേ തോല്‍പ്പാവക്കൂത്തില്‍ പറയുന്നുള്ളൂ. ഇവിടെ വിഷ്ണുവിന്റെ അവതാരമാണ് രാമന്‍.
പ്രസീത: ബാലിവധത്തിന്റെ സമയത്ത് ബാലി രാമനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതായോ മറ്റോ ഉണ്ടോ?
രാജീവ്: ബാലി രാമനോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് (Fig. 3) ബാലിവധത്തിലൊക്കെ രാമനെ വിമര്ശിക്കാം. വിമര്ശിക്കാനും തന്റെ വിമര്ശനം സ്ഥാപിക്കാനും കഴിവുള്ള കലാകാരനാണ് എങ്കില്‍ പാവക്കൂത്ത് അവതരിപ്പിക്കുമ്പോള്‍ ആ കലാകാരന് രാമനെ വിമര്ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. രാമന്‍ ചെയ്തത് തെറ്റാണ് എന്ന് സമര്ത്ഥിക്കാനുള്ള കഴിവ് ആ കലാകാരന് വേണമെന്നേയുള്ളൂ. താനും സഹോദരനും തമ്മില്‍ ശത്രുതയുണ്ടാകാം, അതിന് എന്ത് ആയുധമാണ് തന്‍റെമേല്‍ തറച്ചതെന്നു ചോദിച്ച ബാലി അസ്ത്രത്തിന്മേല്‍ രാമനാമം കൊത്തിയിരിക്കുന്നത് കാണുന്നുണ്ട്. അപ്പോള്‍ രാമന്‍റെ ഗുണഗണങ്ങള്‍ പറഞ്ഞ് ആ രാമന്‍ ഇപ്രകാരം ഒളിയമ്പെയ്യുമോ എന്ന് സംശയിക്കയാണ്. താന്‍ വിഷ്ണുഭക്തനാണെന്നും എന്തിനാണ് തന്നെ വധിച്ചതെന്നും ബാലി രാമനോട് ചോദിക്കുന്നുണ്ട്. അപ്പോള്‍ രാമന്‍ പറയാണ്- പെരിയപിഴകള്‍ ചെയ്ത ബാലി, സുഗ്രീവനുകൂടി അവകാശപ്പെട്ടത് നല്കാതെ അയാളെ ദ്രോഹിച്ചതിനാലാണ് താന്‍ വധിച്ചതെന്നും തറച്ച അസ്ത്രം വലിച്ചൂരി ബാലിയ്ക്ക് ജീവിക്കാന്‍ അവസരം നല്‍കാമെന്നും. എന്നാല്‍ അസ്ത്രം തറച്ച വടുവുമായി 'വടുബാലി' എന്ന് വിളികേട്ട് ജീവിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ബാലി പറയണത്. ഇവിടെ സമര്ത്ഥനായ ആള്ക്ക് വീരനായ ബാലിയെ വാഴ്ത്തുകയും രാമനെ വിമര്ശിക്കുകയുമൊക്കെ ചെയ്യാം. വാദപ്രതിവാദത്തില്‍ സമര്‍ത്ഥിച്ച് ജയിക്കാന്‍ പറ്റണം. കേള്‍ക്കണവര്‍ക്ക് വിശ്വാസാവേം ചെയ്യണം.
പ്രസീത: കമ്പരാമായണത്തില്‍ സീതാപഹരണസമയത്തും ലങ്കയില്‍വച്ചും സീതയെ രാവണന്‍ സ്പര്‍ശിക്കുന്നില്ലല്ലോ. അപ്പോള്‍ യുദ്ധകാണ്ഡത്തിലെ സീതയുടെ അഗ്നിപരീക്ഷ എത്തരത്തിലാണ്?
രാജീവ്: സീത പരിശുദ്ധയാണ്. (Fig. 4) സീതാപഹരണസമയത്ത് സീത നിന്നിരുന്ന ഭൂമിയോടുകൂടെയാണ് രാവണന്‍ ലങ്കയിലേക്ക് കൊണ്ടുപോകണത്. പിന്നെ വേദവതിയുടെ ശാപമുള്ളതിനാല്‍ ലങ്കയില്‍ ചെന്നിട്ടും രാവണന്‍ സീതയെ സ്പര്‍ശിക്കുന്നില്ല്യ. എന്നാലും അപവാദമൊന്നും ഇല്ല്യാണ്ടിരിക്കാന്‍ രാമന്‍ അഗ്നിപരീക്ഷ ആവശ്യപ്പെടുകയാണ്. ഈ സമയത്ത് അഗ്നിദേവന്‍ പോലും സ്വയം സീതയെ സ്പര്ശിക്കുന്നില്ല. അദ്ദേഹം തന്റെ പത്നിയായ സ്വാഹാ ദേവിയോടുകൂടെ വന്നാണ് സീതയ്ക്ക് കളങ്കമൊന്നുമില്ലെന്ന് തെളിയിക്കണത്.

പ്രസീത: കമ്പരാമായണത്തിലെ കഥയുടെ ആഖ്യാതാവ് പരമശിവനാണ്. അത്തരത്തില്‍ ഒരാള്‍ ആഖ്യാതാവായിട്ടുണ്ടോ?
രാജീവ്: അങ്ങിനെ ഒരാളിരുന്ന് കഥ പറയുകയല്ലല്ലോ. ഇത് വാദപ്രതിവാദമാണ്. കൂത്ത് പറയുന്ന കലാകാരന്മാര്‍ രംഗത്തവതരിപ്പിക്കുന്ന കഥാപാത്രങ്ങളായി മാറാണ് ചെയ്യുന്നത്. ആ കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെയും വാദപ്രതിവാദത്തിലൂടെയുമാണ് കഥപറച്ചില്‍. അവര് ശ്ലോകങ്ങള്‍ ചൊല്ലി, അര്‍ത്ഥം വിശദീകരിക്കുന്നു. അവര്ക്ക് അവരുടെ യുക്തിപോലെ വിശദീകരിക്കാം. കേള്ക്കുന്നവര്ക്ക് വിശ്വാസമാവണമെന്നേയുള്ളൂ. ഒരാള്‍ പറഞ്ഞ വാദത്തിനെ മറ്റാള്‍ക്ക് പറ്റുമെങ്കില്‍ ഖണ്ഡിക്കാം.
പ്രസീത: അപ്പോള്‍ കൂത്ത് കലാകാരന് സ്വന്തമായ വ്യാഖ്യാനങ്ങള്‍ നല്‍കാനോ വിശദീകരണങ്ങളോ വിമര്ശനങ്ങളോ മുന്നോട്ട് വയ്ക്കാനോ ഉള്ള സ്വാതന്ത്ര്യം തോല്‍പ്പാവക്കൂത്തിന്‍റെ അവതരണത്തില്‍ ഉണ്ടോ?
രാജീവ്: തീര്ച്ചയായും ഉണ്ട്. കൂത്ത് പണ്ടുക്കാലത്തെ പ്രധാന വിനോദോപാധിയായിരുന്നു, ഏറ്റവും വലിയ ഒരു മാധ്യമമായിരുന്നു. എന്നാല്‍ അതിന്‍റെ ലക്ഷ്യം വിനോദം മാത്രമല്ല, വിജ്ഞാനം കൂടിയാണ്. അന്ന് ജനങ്ങള്ക്കുണ്ടായിരുന്ന ഏതു സംശയവും തീര്‍ത്തുകൊടുക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണം പുലവര്‍ എന്നാണ് പറയുക. പുലവർ എന്നത് തമിഴ്വാക്കാണ്. പണ്ഡിതന്‍ എന്നാണതിന്റെ അര്ത്ഥം തന്നെ. സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ജ്ഞാനമുള്ള ആളായിരിക്കണം പുലവര്‍ എന്നാണ് കാര്‍ന്നോന്‍മാര്‍ പറയാറ്. പണ്ടു രാജാക്കന്‍മാര്‍ കൂത്ത് കാണാന്‍ വന്നിരിക്കുമ്പോള്‍ എതിരെ നില്‍ക്കുന്ന കലാകാരന്റെ ചോദ്യത്തിന് മറുപടി പറയാന്‍ കലാകാരന് പറ്റിയില്ലെങ്കില്‍ മാടത്തില്‍ നിന്ന് പുറത്താക്കുന്ന ശിക്ഷ വരെ ഉണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. പിറ്റേന്ന് ചോദ്യത്തിന് ഉത്തരം രാജാവിനെ ഏല്പ്പിച്ചിട്ടേ മാടത്തിലേക്കു കേറാന്‍ കഴിഞ്ഞിരുന്നുള്ളൂവെന്നാണ് കേള്‍വി.
പ്രസീത: സമകാലികമായ വിഷയങ്ങളെക്കുറിച്ചുള്ള ചര്ച്ച കലാകാരന്മാരുടെ വാദപ്രതിവാദങ്ങളില്‍ കടന്നുവരാറുണ്ടോ?
രാജീവ്: സന്ദര്‍ഭത്തിനനുസരിച്ച് കഴിയുമെങ്കില്‍ കലാകാരന്മാര്‍ക്ക് അത്തരത്തിലുള്ള ചര്ച്ചകളൊക്കെ ആവാം. ഉദാഹരണത്തിന് രാമനെ വര്‍ണിക്കുമ്പോള്‍ രാജാവിന്‍റെ ഗുണഗണങ്ങളെ പ്രകീര്ത്തിക്കലുണ്ട്. ഇത്തരം വര്ണ്ണനകളെ സമകാലികസംഭവങ്ങളുമായി പറ്റുമെങ്കില്‍ ബന്ധപ്പെടുത്താം. കലാകാരന് അതിനുള്ള ജ്ഞാനവും സാമര്ത്ഥ്യവും വേണമെന്നു മാത്രം.
പ്രസീത: ആദ്യകാലത്തുണ്ടായിരുന്നതുപോലെ തന്നെയാണോ ഇതിന്റെ അവതരണം? കാലികമായ എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ?
രാജീവ്: ഉണ്ട്. അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായി തോല്പ്പാവക്കൂത്ത് സാധാരണയായി 21 ദിവസം, അഥവാ ചുരുങ്ങിയത് 7 ദിവസം രാത്രി പത്തുമണി മുതല്‍ പുലര്‍ച്ചെ വരെയാണ് കൂത്ത് അവതരിപ്പിക്കാറ്. അതും കൂത്തുമാടത്തില്‍. എന്നാല്‍ ഇന്നത്തെ കാലത്ത് ആരാ രാത്രി ഇത്രവൈകി കൂത്ത് കാണാന്‍ ഇരിക്ക? ഭദ്രകാളിക്കാവുകളില്‍ ആചാരംപോലെ ഇന്നും അങ്ങിനെതന്നെ നടത്തുന്നുണ്ട്. അതിപ്പോ കാണികള്‍ ഇല്ലെങ്കിലും വഴിപാട്കൂത്ത് നടത്തും. ഇപ്പോള്‍ ക്ഷേത്രത്തിനു പുറത്ത്, ഒരു മണിക്കൂര്‍ കൊണ്ടൊക്കെ രാമായണം കഥ ചുരുക്കി അവതരിപ്പിക്കുന്നുണ്ട്. പത്തില്‍ മൂന്നെന്നതില്‍ നിന്നും മാറി പത്തില്‍ ഒന്നാക്കി ചുരുക്കേണ്ടി വരാറുമുണ്ട്. കമ്പരാമായണത്തിന് പുറമെ പ്രശസ്തമായ കഥകളും ചരിത്രകഥകളുമൊക്കെ ഇപ്പോള്‍ അവതരിപ്പിക്കുന്നുണ്ട്. അനുഷ്ഠാനമെന്നതിനേക്കാള്‍ കലയ്ക്ക് പ്രാധാന്യം കൊടുത്ത് പാവകളുടെ ചലനത്തെ കൂടുതല്‍ സജീവമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗാന്ധിക്കൂത്ത് പോലുള്ള പല കഥകളും ഇന്ത്യയ്ക്കു പുറത്തുള്ള വേദികളിലടക്കം പോയി അവതരിപ്പിക്കുന്നുണ്ട്.
നന്ദി