വ്യാപ്തി
സിനഗോഗ് ഒരു രണ്ടു നില കെട്ടിടവും (Fig. 1) കൊട്ടാരം ഒരു മൂന്നു നില കെട്ടിടവുമാണ് (Fig. 2). ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭ കാലഘട്ടം വരെ, സമീപ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ നിർമ്മിതികളും ഇവയായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ചു കൊളോണിയൽ കാലഘട്ടത്തിൽ കേരളത്തിലെ വസ്തുകലയിൽ അവതരിപ്പിച്ച പോർച്ചുകളുടെ (Porch) ഉപയോഗത്തിന് ഉത്തമ ഉദാഹരണങ്ങളാണ് ഈ നിർമ്മിതികൾ.


മേൽക്കൂര
ഇരു കെട്ടിടങ്ങളുടെയും മേൽക്കൂരകൾ പരമ്പരാഗത വാസ്തു വിദ്യാ ശൈലിയിൽ തടി കൊണ്ട് നിർമ്മിച്ചവയാണ്. എങ്കിലും അവയുടെ ആകൃതിയിലും ചെരിവിലുമുള്ള വ്യത്യാസം അവക്ക് പ്രത്യേക സവിശേഷത നൽകുന്നു. ചേന്ദമംഗലം സിനഗോഗിന്റെ മേൽക്കൂര ഒരു വശത്തു തുറന്നതും പരമ്പരാഗതമായി കാണാറുള്ള മുഖപ്പ് ഇല്ലാത്തതുമാണ്. ഈ മേൽക്കൂരയുടെ ചെരിവ് ക്ഷേത്ര വാസ്തുകലയിലും കൊട്ടാരങ്ങളുടെ വാസ്തുകലയിലും ഉള്ളത് പോലെ 45 ഡിഗ്രി (X / 2 ) ചെരിവിലുള്ളതാണ്. (Fig. 3) അതേ സമയം പാലിയം കൊട്ടാരത്തിന്റെ മേൽക്കൂര സാധാരണ മേൽക്കൂരയിലെ പോലെ 33 ഡിഗ്രി (X/3) ചെരിവിലുള്ളതാണ്. കൊട്ടാരത്തിൻറെ ഏറ്റവും മുകളിൽ 60 ഡിഗ്രിയിൽ ചെരിഞ്ഞ ഡച്ച് മാതൃകയിലുള്ള മേൽക്കൂരയും കാണാം. (Fig. 4)


ജനാലകൾ
ഇരു കെട്ടിടങ്ങളുടെയും ജനാലകളുടെ മാതൃകയിലുള്ള സാദൃശ്യം, ഇവക്ക് കാഴ്ചയിൽ ഒരേ സ്വഭാവം നൽകുന്നു. സിനഗോഗിൽ ചതുരാകൃതിയിൽ ഉള്ളവയും കമാനാകൃതിയിൽ ഉള്ളവയുമായ ജനലുകൾ ഉണ്ട്. (Fig. 5) കൊട്ടാരത്തിൽ എല്ലാ ജനലുകളും ചതുരാകൃതിയിൽ ഉള്ളവയാണ്. (Fig. 6) ഇവ രണ്ടിലുമുള്ള അലങ്കാര മാതൃകകളിൽ ഏറിയ പങ്കും കൊളോണിയൽ കാലഘട്ടത്തിൽ ഉടലെടുത്തവയാണ് എന്ന് വേണം കരുതാൻ.


ഗോവണിപ്പടി
സിനഗോഗിലെ ഗോവണിപ്പടി തീർത്തും പരമ്പരാഗത മാതൃകയിലും അളവിലും നിർമ്മിച്ചതാണ്. എന്നാൽ സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി ഇത് ആരാധനാലയത്തിന്റെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്നു. (Fig. 7)

കൊട്ടാരത്തിലെ ഗോവണിപടികൾ കൂടുതൽ ഉൽകൃഷ്ടമാണെന്നു പറയാം. ഏറെക്കുറെ ചെരിവ് കുറവുള്ള ഈ ഗോവണിപടി ഡച്ച് മാതൃകയിലുള്ളതാണ്. ഇവിടത്തെ ഗോവണിപ്പടിയും കെട്ടിടത്തിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. സമകാലഘട്ടത്തിലെ നിർമ്മിതികളിൽ അധികവും പുറത്തെ വരാന്തകളിൽ ആണ് പടികൾ സ്ഥാപിക്കാറ്. കേരളത്തിലെ വാസ്തുകലയിലെ “ഡോഗ് ലെഗ്ഗ്ഡ്” മാതൃകയിൽ ഉള്ള പടിക്കെട്ടിന്റെ ആദ്യകാല ഉദാഹരണങ്ങളിൽ ഒന്നാണ് പാലിയം കൊട്ടാരത്തിലെ ഗോവണിപ്പടി. (Fig. 8)

വാതിലുകൾ
പരമ്പരാഗത മാതൃകയിലുള്ള ഇടുങ്ങിയ വാതിലുകളാണ് സിനഗോഗിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന വാതിൽ മാത്രം കമാനാകൃതിയിൽ ഉള്ളതാണ്. (Fig. 9)

നേരെ മറിച്ച് കൊട്ടാരത്തിലേത് വീതി കൂടിയവയും മുകളിൽ ചില്ലു കൊണ്ടുള്ള വായു മാർഗ്ഗത്തോട്(Ventilator) കൂടിയവയുമാണ്. എല്ലാം തടി കൊണ്ട് നിർമിച്ചവയും താരതമ്യേന കുറഞ്ഞ ലോഹപ്പണികളോട് കൂടിയവയുമാണ്. (Fig. 10)

തൂണുകൾ
രണ്ട് കെട്ടിടങ്ങളിലെ തൂണുകളും ക്ഷേത്ര വാസ്തുകലയോട് സാദൃശ്യം പുലർത്തുന്നവയാണ്. ഈ നിർമ്മിതികളിൽ പുറത്തെ പോർച്ചിൽ കൽത്തൂണുകളും അകത്ത് മരത്തൂണുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. എങ്കിലും തലപ്പത്ത് കൊത്തുപണികൾ കൂടുതൽ ഉള്ളത് കൊട്ടാരത്തിലെ തൂണുകൾക്കാണ്. (Figs 11 and 12)


പ്രവേശന കവാടം
കമാന ആകൃതിയിൽ ഉള്ള പ്രവേശന കവാടം ആണ് രണ്ട് നിർമ്മിതികളിലും ഉള്ളത്. പാലിയം കൊട്ടാരത്തിലെ കവാടം വീതി കൂടിയതും (Fig 13) ചേന്ദമംഗലം സിനഗോഗിലേത് വീതി കുറഞ്ഞതും ആണ് (Fig 14). എന്നാൽ ശ്രദ്ധേയമായ ഒരു കാര്യം, രണ്ട് നിർമ്മിതികളിലും കട്ടിള ചതുരാകൃതിയിൽ ആണ് എന്നാണ്.


ചുറ്റുമതിൽ
സിനഗോഗിൻറെ ചുറ്റുമതിൽ സമീപ പ്രദേശത്തെ മറ്റു കെട്ടിടങ്ങളെ അപേക്ഷിച്ചു ഉയരം കൂടിയതും, “തരംഗം” ആകൃതിയിൽ ഉള്ളതുമാണ്. കൂടാതെ ചുറ്റുമതിലിൻറെ രണ്ട് പാർശ്വ വശങ്ങളിലും രണ്ട് പ്രവേശന കവാടങ്ങളും ഉണ്ട്. (Fig. 15)

എന്നാൽ പാലിയം കൊട്ടാരത്തിൽ ചുറ്റുമതിൽ നേർരേഖയിൽ ഉള്ളതും ഒരു പ്രവേശന കവാടം മാത്രം ഉള്ളതുമാണ് (Fig 16).

ഭിത്തി
രണ്ട് കെട്ടിടങ്ങളിലെയും ഭിത്തികൾ 73 cm വീതിയുള്ളതാണ്. ഇത്തരം ഭീമാകാരമായ ഭിത്തികൾ സാധാരണ അടച്ചുറപ്പ് കൂടുതൽ ആവശ്യമുള്ള കെട്ടിടങ്ങൾക്കാണ് ഉപയോഗിക്കാറ്(ഉദാഹരണം:പദ്മനാഭപുരം കൊട്ടാരത്തിലെ ഖജനാവ്,ഉപ്പിരിക മാളിക). 73 cm എന്നത് പരമ്പരാഗത അളവ് പ്രകാരം 1 കോൽ ആണ്.